Facebook / Indian Premier league
News & Views

ഐ.പി.എല്ലില്‍ ടൈം ഔട്ട്! ഓരോ മാച്ചിനും ₹118 കോടി, ₹2,000 കോടിയുടെ പരസ്യവരുമാനവും നഷ്ടമായേക്കും; കണക്കുകള്‍ ഇങ്ങനെ

ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്

Dhanam News Desk

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒരാഴ്ച നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതോടെ പരസ്യകമ്പനികള്‍ക്കും ജിയോ ഹോട്‌സ്റ്റാറിനും കോടികളുടെ നഷ്ടം. മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം നേടിയ ജിയോ ഹോട്‌സ്റ്റാര്‍ ഇക്കുറി 5,500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ 35 ശതമാനമെങ്കിലും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെയാണ് ഐ.പി.എല്‍ 18ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. വ്യാഴാഴ്ച ധര്‍മശാലയില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - പഞ്ചാബ് കിംഗ്‌സ് മത്സരം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിയിരുന്നു. 12 ലീഗ് മത്സരങ്ങളും 4 പ്ലേ ഓഫും അടക്കം 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇത് രാജ്യത്തിന് പുറത്ത് നടത്തുന്നതിനെക്കുറിച്ചും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ താത്പര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു മാച്ചിന് 118 കോടി

ഐ.പി.എല്ലിലെ ഒരോ മത്സരത്തിനും ശരാശരി 118 കോടി രൂപയാണ് സംഘാടകരായ ബി.സി.സി.ഐക്ക് ലഭിക്കുന്നത്. ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശ വില്‍പ്പനയിലൂടെയാണിത്. 2022ലാണ് 48,390 കോടി രൂപ മുടക്കി റിലയന്‍സ് ജിയോ അഞ്ച് വര്‍ഷത്തേക്കുള്ള അവകാശം നേടിയത്. ഡിസ്‌നി + ഹോട്‌സ്റ്റാറുമായി ലയിച്ചതോടെ ഇക്കുറി ജിയോഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഐ.പി.എല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേക്ഷണം.

ഇതിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലും കോടികളുടെ നഷ്ടമുണ്ടാകും. മൈ11സര്‍ക്കിള്‍, എസ്.ബി.ഐ, ഫോണ്‍പേ, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയ 20 വമ്പന്‍ ബ്രാന്‍ഡുകളുമായാണ് ജിയോ ഹോട്‌സ്റ്റാര്‍ ഇക്കുറി സ്‌പോണ്‍സര്‍ഷിപ്പ് കരാറിലെത്തിയത്. മത്സരങ്ങള്‍ വൈകിയാല്‍ ഇവരുമായുള്ള കരാര്‍ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഐ.പി.എല്ലിന് മാറ്റിവെച്ച സ്ലോട്ടില്‍ മറ്റ് കണ്ടന്റുകള്‍ അവതരിപ്പിച്ച് ജിയോ ഹോട്‌സ്റ്റാറിന്റെ നഷ്ടം നികത്താനാകും.

ടീമുകള്‍ക്കും തിരിച്ചടി

ലീഗിലെ ടീമുകള്‍ക്കും തീരുമാനം തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പനയിലെ വിഹിതം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ടീമുകള്‍ക്ക് പണം ലഭിക്കുന്നത്. കഴിഞ്ഞ സീസണിലെ ടീമുകളുടെ വരുമാനത്തില്‍ 70 ശതമാനവും സെന്‍ട്രല്‍ പൂളില്‍ നിന്ന് ലഭിച്ചതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ച 553.6 കോടിയുടെ വരുമാനത്തില്‍ 84 ശതമാനവും കേന്ദ്ര പൂളില്‍ നിന്നുള്ളതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് ലഭിച്ച 579.3 കോടി രൂപയില്‍ 75 ശതമാനവും മുംബൈ ഇന്ത്യന്‍സിന് ലഭിച്ച 528.8 കോടിയില്‍ 71 ശതമാനവും ബി.സി.സി.ഐ അനുവദിക്കുന്ന സെന്‍ട്രല്‍ പൂളില്‍ നിന്നാണെന്നും കണക്കുകള്‍ പറയുന്നു. മത്സരങ്ങള്‍ മാറ്റിവെച്ചാല്‍ ടീമുകളുടെ ആകെ വരുമാനത്തില്‍ 20 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

ഇതാദ്യമല്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇടക്ക് വെച്ച് നിറുത്തിവെക്കുന്നത് ഇതാദ്യമല്ല. 2021ല്‍ കൊവിഡ് സമയത്ത് നിറുത്തിയ മത്സരങ്ങള്‍ പിന്നീട് യു.എ.ഇയിലാണ് പൂര്‍ത്തിയാക്കിയത്. 2009ല്‍ സൗത്ത് ആഫ്രിക്കയിലും 2014ല്‍ യു.എ.ഇയിലും മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം യുദ്ധസമാന സാഹചര്യങ്ങളില്‍ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെക്കുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

The suspension of IPL 2025 due to Indo-Pak tensions may result in a 35% loss in ad revenue, affecting broadcasters, sponsors, and brands.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT