x.com/IPL
News & Views

10 സെക്കന്‍ഡ് പരസ്യത്തിന് അംബാനിയുടെ പോക്കറ്റിലെത്തുക 19 ലക്ഷം രൂപ! ഐ.പി.എല്ലില്‍ കീശ നിറയ്ക്കാന്‍ റിലയന്‍സിന് വെല്ലുവിളിയില്ല

10 ടീമുകള്‍ക്കും കൂടി സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം 1,300 കോടി രൂപയിലധികം ലഭിക്കുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോക കായിക രംഗത്ത് തന്നെ ഏറ്റവുമധികം പ്രേക്ഷകരുള്ള ലീഗുകളിലൊന്നാണ് ഐ.പി.എല്‍. ഒട്ടേറെ പ്രത്യേകതകളുമായാണ് ഇത്തവണത്തെ ലീഗ് എത്തുന്നത്. അതു പക്ഷേ കളിയുമായി ബന്ധപ്പെട്ടല്ലെന്ന് മാത്രം.

കഴിഞ്ഞ സീസണ്‍ വരെ ലീഗിന്റെ ടിവി സംപ്രേക്ഷണ കരാറും ഒ.ടി.ടി റൈറ്റ്‌സും വ്യത്യസ്ത കമ്പനികള്‍ക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രണ്ടും ഒരു കമ്പനിക്ക് തന്നെയാണെന്നതാണ് പ്രധാന മാറ്റം.

എല്ലാം റിലയന്‍സിന്റെ കൈയില്‍

കഴിഞ്ഞ തവണ ടി.വി സംപ്രേക്ഷണ കരാര്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായിരുന്നു. സ്റ്റാര്‍ ഗ്രൂപ്പും റിലയന്‍സിന്റെ കീഴിലുള്ള വിയാകോം18നും തമ്മില്‍ ലയിച്ചതോടെ ഡിജിറ്റല്‍, ടി.വി സംപ്രേക്ഷണം റിലയന്‍സിന് മേധാവിത്വമുള്ള പുതിയ കമ്പനിക്ക് ലഭിച്ചു. എല്ലാം റിലയന്‍സിന്റെ കീഴിലെത്തിയതോടെ പരസ്യ നിരക്ക് ഉള്‍പ്പെടെ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് റിലയന്‍സ്. മുന്‍ വര്‍ഷത്തേക്കാള്‍ പരസ്യനിരക്കില്‍ 25-30 ശതമാനം വര്‍ധനയുണ്ട്.

ഇത്തവണ 10 സെക്കന്‍ഡുള്ള ഒരു പരസ്യം ഐ.പി.എല്ലിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ നല്‍കാന്‍ 18-19 ലക്ഷം രൂപ നല്‍കേണ്ടി വരും. മുന്‍ വര്‍ഷമിത് 16 ലക്ഷത്തിന് താഴെയായിരുന്നു. ജിയോസ്റ്റാര്‍ ലയനമാണ് ഇത്രയും വലിയ നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുമ്പ് ടി.വി, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം വ്യത്യസ്ത കമ്പനികള്‍ക്കായിരുന്നതിനാല്‍ നിരക്ക് ഒരുപരിധി വരെ കൂട്ടാതിരിക്കാന്‍ ഈ കമ്പനികള്‍ ശ്രദ്ധിച്ചിരുന്നു.

ടി.വിയില്‍ മത്സരങ്ങള്‍ കണ്ടിരുന്നവരെ ആകര്‍ഷിക്കാനായി ജിയോസിനിമാസ് ആപ്പില്‍ സൗജന്യമായി മത്സരം ലഭ്യമാക്കിയാണ് റിലയന്‍സ് മത്സരരംഗത്തേക്ക് കടന്നുവന്നത്. ഇത്തവണ പക്ഷേ റിലയന്‍സിന്റെ കൈയിലേക്ക് നിയന്ത്രണം വന്നതോടെ ഏതു നിരക്ക് വേണമെങ്കിലും ഈടാക്കാമെന്ന അവസ്ഥ വന്നു.

കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ നടക്കുന്ന സമയത്ത് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ചൂടായിരുന്നു. അതുകൊണ്ട് തന്നെ പരസ്യദാതാക്കള്‍ ബജറ്റില്‍ നിയന്ത്രണം പാലിച്ചിരുന്നു. എന്നാല്‍ ഇത്തവണ വിപണി അനുകൂലമാണെന്ന തിരിച്ചറിവാണ് പരസ്യനിരക്കില്‍ വര്‍ധന വരുത്താന്‍ റിലയന്‍സിനെ പ്രേരിപ്പിച്ചത്.

ടീമുകള്‍ക്കും കീശ നിറയും

ഇത്തവണ പരസ്യ വരുമാനം വഴി മാത്രം 6,000-7,000 കോടി രൂപ റിലയന്‍സിന്റെ പോക്കറ്റിലെത്തുമെന്നാണ് കണക്ക്. വന്‍കിട ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 12 കമ്പനികള്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായി എത്തുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കും കൂടി സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം 1,300 കോടി രൂപയിലധികം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് പോലെ കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമുകള്‍ക്ക് 100 കോടി മുതല്‍ 130 കോടി രൂപ വരെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും. ബി.സി.സി.ഐയ്ക്ക് സ്‌പോണ്‍സര്‍ ഇനത്തില്‍ 800-900 കോടിക്ക് അടുത്ത് കിട്ടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT