News & Views

അഞ്ചുവര്‍ഷത്തിനകം 226 എയര്‍ക്രാഫ്റ്റുകള്‍, 2-4 വര്‍ഷത്തിനുള്ളില്‍ ഐപിഒ; വന്‍ വികസന പദ്ധതികളുമായി ആകാശ എയര്‍

നിലവില്‍ 39 വിമാനങ്ങളുള്ള ആകാശ എയര്‍ 2032 ഓടെ മൊത്തം വിമാനങ്ങളുടെ എണ്ണം 226 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Dhanam News Desk

അടുത്ത രണ്ട് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ആകാശ എയര്‍. 2024 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ആകാശ എയര്‍ നിലവില്‍ 7 രാജ്യങ്ങളില്‍ നിന്നായി 34 സിറ്റികളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

നിലവില്‍ 39 വിമാനങ്ങളുള്ള ആകാശ എയര്‍ 2032 ഓടെ മൊത്തം വിമാനങ്ങളുടെ എണ്ണം 226 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മികച്ച നിലയിലാണെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നഷ്ടം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗോയല്‍ വ്യക്തമാക്കി. 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ തുടര്‍ച്ചയായി ആറു മാസം ആകാശ എയര്‍ EBITDA പോസിറ്റീവ് ആയിരുന്നു.

പുതിയ വിമാനങ്ങള്‍ സര്‍വീസിലിറക്കുന്നതും ആഭ്യന്തര-അന്തര്‍ദേശീയ റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളെന്ന് ഗോയല്‍ പറഞ്ഞു.

പുതിയ സര്‍വീസുകള്‍ വൈകില്ല

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10 പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് കമ്പനി സ്വന്തമാക്കിയത്. ഇവയെല്ലാം പുതിയ വിമാനങ്ങളാണെന്നും പഴയ വിമാനങ്ങള്‍ ലീസിന് എടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആകാശ എയറിന്റെ മൊത്തം ശേഷിയുടെ 25 ശതമാനത്തോളം അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്നാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 40 ശതമാനത്തോട് അടുക്കുമെന്നാണ് വിലയിരുത്തല്‍.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാനാണ് കമ്പനിയുടെ നീക്കം. സെപ്റ്റംബറോടെ വിയറ്റ്‌നാമിലെ ഹനോയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കും.

Akasa Air plans a major fleet expansion to 226 aircraft by 2032 and is targeting an IPO within the next 2–4 years while accelerating international route growth

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT