പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന സൂചനകള്‍ കണ്ടുതുടങ്ങി. കുപ്പിവെള്ളത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ബിസ്‌ലെരി അടക്കമുള്ള കമ്പനികള്‍ തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുപ്പിനിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് കുടിവെള്ളത്തിന്റെ വിലയിലും പ്രതിഫലിക്കുന്നത്.
കുപ്പിവെള്ള വില 11 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് സൂചന. ജിഎസ്ടി പരിഷ്‌കരിച്ചപ്പോള്‍ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അന്ന് ഒട്ടുമിക്ക കമ്പനികളും വില കുറച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തില്‍ ജിഎസ്ടിയില്‍ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ഇല്ലാതാകാന്‍ പോകുകയാണ്.
പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിമറുകളുടെ വില പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം ക്രമാതീതമായി വര്‍ധിച്ചു. അസംസ്‌കൃത എണ്ണയില്‍ നിന്നാണ് പോളിമറുകള്‍ നിര്‍മിക്കുന്നത്. ക്രൂഡ് വിലയിലുണ്ടാകുന്ന ഏതൊരു വര്‍ധനയും കുപ്പിവെള്ള വിപണിയെ നേരിട്ട് ബാധിക്കുന്നതിന്റെ കാരണവും ഇതാണ്. കഴിഞ്ഞയാഴ്ചകളില്‍ ഈ വസ്തുക്കളുടെ വില 50 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.
കുപ്പികളുടെ മാത്രമല്ല അടപ്പുകള്‍, ലേബല്‍, മറ്റ് പാക്കേജിംഗ് വസ്തുക്കള്‍ എന്നിവയുടെയും വില ഉയരുകയാണ്. ആഗോള തലത്തില്‍ എണ്ണവില കുറഞ്ഞില്ലെങ്കില്‍ കുപ്പിവെള്ള വ്യവസായം വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ കുപ്പിവെള്ള മാര്‍ക്കറ്റിന്റെ മൂന്നിലൊന്ന് സ്വന്തമായുള്ള ബിസ്‌ലെരി 12 ബോട്ടിലുകളുള്ള ഒരു ലിറ്ററിന്റെ ബോക്‌സിന്റെ വില 216 രൂപയില്‍ നിന്ന് 240 രൂപയായി വര്‍ധിപ്പിച്ചു. മറ്റ് മുന്‍നിര കമ്പനികളും സമാന പാതയിലാണ്.
ഇന്ത്യയിലെ കുപ്പിവെള്ള ഇന്‍ഡസ്ട്രി 25,000-30,000 കോടി രൂപയുടേതാണ്. 2030 വരെയുള്ള കാലഘട്ടത്തില്‍ വളര്‍ച്ചനിരക്ക് 10 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിശീര്‍ഷ കുപ്പിവെള്ള ഉപയോഗം ഈ വര്‍ഷം 35 ലിറ്ററിലേക്ക് ഉയരുമെന്നാണ് കണക്ക്.
36 ശതമാനത്തിനടുത്ത് വിപണി വിഹിതമുള്ള ബിസ്‌ലെരിക്ക് പിന്നില്‍ കിന്‍ലെ (കൊക്കകോള), അക്വഫിന (പെപ്‌സി) തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine