image credit : canva 
News & Views

ഹൂതികളുടെ മിസൈല്‍ അയണ്‍ ഡോമിനെ കബളിപ്പിച്ചോ? ഇറാന്റെ പ്രതികാരമുണ്ടായേക്കും, ഇസ്രയേല്‍ ജാഗ്രതയില്‍

ഇറാനും ഇസ്രയേലും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും മിഡില്‍ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്

Dhanam News Desk

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധി പുതിയ തലത്തിലേക്ക്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതാദ്യമായാണ് ഹൂതികള്‍ ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. 11.5 മിനിറ്റുകൊണ്ടാണ് 2,040 കിലോമീറ്റര്‍ ദൂരെനിന്നും മധ്യ ഇസ്രയേലിലേക്ക് ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ പറന്നെത്തിയതെന്ന് ഹൂതി വക്താവ് യഹിയ സറിയ അവകാശപ്പെട്ടു. മിസൈല്‍ തുറസായ സ്ഥലത്താണ് പതിച്ചതെന്നും ആര്‍ക്കും ആളപായമില്ലെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. എന്നാല്‍ മിസൈല്‍ ഇന്റര്‍സെപ്റ്റ് ചെയ്തപ്പോഴുണ്ടായ അവശിഷ്ടങ്ങളാണ് നിലത്ത് പതിച്ചതെന്ന് പിന്നീട് സൈന്യം തിരുത്തി. പുലര്‍ച്ചെ പ്രാദേശിക സമയം 03.35ന് മിസൈല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി.

കൂടുതല്‍ പിറകെ വരുമെന്ന് ഹൂതികള്‍

ഇസ്രയേലിലേക്കുള്ള മിസൈല്‍ ആക്രമണത്തിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനയില്‍ ഹൂതി വിമതര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് തൊടുത്തതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. ഇനിയും ആക്രമണണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് പ്രദേശത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് മുമ്പും ഹൂതികള്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. അതേസമയം, പേരുകേട്ട വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെ വെട്ടിച്ച് ഹൂതി മിസൈല്‍ ഇസ്രയേല്‍ മണ്ണില്‍ പതിച്ചത് വരും നാളുകളില്‍ ചര്‍ച്ചയാകാനിടയുണ്ട്. അയണ്‍ഡോമിന് പുറമെ ആരോ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു വ്യോമപ്രതിരോധ സംവിധാനവും ഇസ്രയേല്‍ ഞായറാഴ്ച ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ഖദര്‍ സീരീസിലുള്ള മിസൈലുകളുടെ വകഭേദമാണ് ഹൂതികള്‍ വിക്ഷേപിച്ചതെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ഹൂതികള്‍ക്ക് പിന്നില്‍ ഇറാനെന്ന് സൗദി

ശിയ വംശജരായ ഹൂതികളാണ് 2014 മുതല്‍ യെമന്‍ തലസ്ഥാനം ഭരിക്കുന്നത്. ഹൂതി വിമതര്‍ക്ക് ആയുധങ്ങളെത്തിക്കുന്നത് ഇറാനാണെന്നും ഇത് തടയണമെന്നുമാണ് സൗദി അറേബ്യയുടെ ആവശ്യം. യെമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയും ഹൂതികളും കാലങ്ങളായി ശത്രുതയിലാണ്. ഇരുവിഭാഗങ്ങളും പരസ്പരം ആക്രമണങ്ങളും നടത്താറുണ്ട്. ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ഉപയോഗിക്കുന്ന ആയുധങ്ങളടക്കം ഇറാന്‍ നല്‍കുന്നതാണെന്നാണ് സൗദിയുടെ ആരോപണം. നേരത്തെ ഐക്യരാഷ്ട്ര സംഘടനയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇറാനെ തടയാന്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുണ്ടാകണമെന്ന് സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍മേധാവി തുര്‍ക്കി അല്‍ ഫൈസല്‍ ആവശ്യപ്പെട്ടു.

കപ്പല്‍ ഗതാഗതത്തിന് കനത്ത ഭീഷണി

അതേസമയം, ഹൂതികളുടെ ഭീഷണിയെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള കപ്പല്‍ഗതാഗതം പകുതിയായി കുറഞ്ഞുവെന്നാണ് കണക്ക്. അപകടമേഖലകള്‍ ഒഴിവാക്കി ആഫ്രിക്ക ചുറ്റി 11,000 നോട്ടിക്കല്‍ മൈല്‍ അധികം സഞ്ചരിച്ചാണ് ഇപ്പോള്‍ ചരക്കുഗതാഗതം നടക്കുന്നത്. ഷിപ്പിംഗ് കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കാര്യമായി വര്‍ധിക്കാനും ഇത് ഇടയാക്കി. കണ്ടെയ്‌നര്‍ ചാര്‍ജുകള്‍ വര്‍ധിച്ചതോടെ കയറ്റുമതി-ഇറക്കുമതി കമ്പനികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണെന്നാണ് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ ഏഴ് മുതല്‍ സെപ്റ്റംബര്‍ 11 വരെയുള്ള കണക്കനുസരിച്ച് ആഗോള കപ്പല്‍ നിരക്കില്‍ 363 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചെങ്കടലിലെ പ്രതിസന്ധി കൊളംബോ, വിഴിഞ്ഞം തുറമുഖങ്ങള്‍ക്ക് നേട്ടമാകുമെന്നു വിലയിരുത്തലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT