ഇറാന്‍-യുഎസ് യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളെ അനിശ്ചിതത്വത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ആഴങ്ങളിലേക്ക് തള്ളിവിടുന്നു. യുദ്ധം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതോടെ പ്രവാസികളില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. യുദ്ധം തുടങ്ങിയശേഷം ശമ്പളവിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ട അവസ്ഥയിലാണ്.
ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ പ്രവാസികളെ മാത്രമല്ല ബാധിച്ചു തുടങ്ങിയത്. കേരളത്തിലേക്കുള്ള പണമൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവ് കുറഞ്ഞാല്‍ നിര്‍മാണ മേഖല മുതല്‍ കേരളത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ വരെ തിരിച്ചടിയുണ്ടാകും. ഗള്‍ഫ് പണത്തെ ചുറ്റിപ്പറ്റിയാണ് കേരളത്തിലെ ബിസിനസുകളിലേറെയും നിലനില്‍ക്കുന്നത്.
പ്രവാസികളില്‍ പലര്‍ക്കും മാര്‍ച്ചില്‍ ശമ്പളം കിട്ടിയിട്ടില്ല. ചിലര്‍ക്ക് പാതിമാത്രം ലഭിച്ചു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്നവരെ നിര്‍ബന്ധിത അവധിക്ക് അയയ്ക്കുകയാണ്. നാട്ടിലുള്ളവരോട് അവധി രണ്ടുമാസം നീട്ടാനും കമ്പനികള്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 28നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെങ്കിലും പലര്‍ക്കും മാര്‍ച്ച് മുതല്‍ ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്. നാട്ടിലേക്ക് പോയാല്‍ എന്താകുമെന്ന ആശങ്കയും തിരിച്ചുള്ള മടക്കം പ്രതിസന്ധിയിലാകുമോയെന്ന ഭയവും പ്രവാസികളെ ഗള്‍ഫില്‍ പിടിച്ചു നിര്‍ത്തുകയാണ്.
ശമ്പളം നിലച്ചതോടെ കുടുംബമായി താമസിക്കുന്നവര്‍ പ്രതിസന്ധിയിലാണ്. തൊഴില്‍മേഖലയില്‍ പ്രതിസന്ധി ഉണ്ടായെങ്കിലും വാടക കുറയ്ക്കാനോ ഇളവ് അനുവദിക്കാനോ ഉടമകള്‍ തയാറാകാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പേയ്‌മെന്റ് നടത്തിയാണ് മുന്നോട്ടു പോകുന്നത്.
കോഴിക്കോട് സ്വദേശിയായ അല്‍ത്താഫ് മുഹമ്മദ് (ശരിയായ പേരല്ല) മെഷീന്‍ ടൂളുകള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ്. അക്കൗണ്ട് സെഷനിലായതിനാല്‍ നിര്‍ബന്ധിത അവധിയില്‍ അല്‍ത്താഫിന് പോകേണ്ടി വന്നില്ല. എന്നാല്‍ മാര്‍ച്ചിലെ പാതി ശമ്പളമാണ് ലഭിച്ചത്. കമ്പനിയിലെ നിര്‍മാണ മേഖലയിലുള്ള തൊഴിലാളികള്‍ നിര്‍ബന്ധിത അവധിയിലാണ്. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന പലരും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് അല്‍ത്താഫ് പറയുന്നു.
യുഎഇയില്‍ സ്‌കൂളുകള്‍ തുറന്നതോടെ പ്രവാസികള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഓണ്‍ലൈന്‍ ക്ലാസുകളാണെങ്കിലും ബസ് ഫീസ് വരെ സ്‌കൂളുകള്‍ ഈടാക്കുന്നുണ്ട്. സ്‌കൂള്‍ ഫീസിനൊപ്പം ബസ് ചാര്‍ജ് കൂടി നല്‌കേണ്ടി വരുന്നത് അധികബാധ്യത വരുത്തിവയ്ക്കുന്നു.
ഗള്‍ഫ് മേഖലയില്‍ തൊഴിലിടങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും പലരും നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്നില്ല. ഇതിനു കാരണങ്ങള്‍ പലതാണ്. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളില്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരുന്നു. നാട്ടില്‍ കാര്യമായ തൊഴിലവസരങ്ങള്‍ ഇല്ലെന്നതും തിരിച്ചു ഗള്‍ഫിലേക്ക് മടങ്ങാന്‍ സാധിക്കുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു. യുദ്ധം തീരുംവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്.
വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതും നാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുന്നു. മൂന്നും നാലും ഇരട്ടിയായി ടിക്കറ്റ് നിരക്ക് വര്‍ധിച്ച അവസ്ഥയാണ്. ഇപ്പോള്‍ നാട്ടിലേക്ക് പോയാല്‍ തിരികെ വരാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വരുമെന്നതിനാല്‍ മുണ്ടുമുറുക്കി ഗള്‍ഫില്‍ കഴിയാനാണ് പലര്‍ക്കും താല്പര്യം.
യുദ്ധം തുടങ്ങിയശേഷം ഗള്‍ഫില്‍ അവശ്യസാധനങ്ങളുടെ വില വലിയതോതില്‍ വര്‍ധിച്ചു. ഇതിനിടെ പെട്രോള്‍ വിലയും വര്‍ധിച്ചു. ഭക്ഷ്യോത്പന്ന വസ്തുക്കളുടെ വില ഇരട്ടിയായെന്ന് ദുബൈയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി ധനംഓണ്‍ലൈനോട് പറഞ്ഞു. യുദ്ധം മൂര്‍ച്ഛിച്ച സമയത്ത് ഷോപ്പുകളില്‍ സാധനങ്ങള്‍ക്ക് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാങ്ങുന്നതിന് നിയന്ത്രണം ഇല്ലെങ്കിലും വില കുത്തനെ വര്‍ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine