ഗള്‍ഫ് മേഖലയിലെ യുദ്ധം മറ്റ് രാജ്യങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയില്‍ പാചകവാതക ലഭ്യത ഇടിഞ്ഞതോടെ പ്രതിസന്ധി ശക്തമായി. ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഭക്ഷണവിതരണത്തെയാണ് എല്‍പിജി പ്രതിസന്ധി ബാധിച്ചത്. ദീര്‍ഘദൂര ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാന്‍ ബദല്‍ തേടാന്‍ ഐആര്‍സിടിസി നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ പ്രതിസന്ധി മാറുംവരെ മറ്റ് മാര്‍ഗങ്ങള്‍ പാചകത്തിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
മൈക്രോവേവ് ഓവ്‌നുകള്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ എന്നിവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാനാണ് കാറ്ററിംഗ് കരാറുകാരോട് ഐആര്‍സിടിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ ഫുഡ് പ്ലാസകളും ഇത്തരത്തില്‍ ക്രമീകരണം നടത്തണം.
കൂടുതല്‍ സമയമെടുത്ത് പാകം ചെയ്യേണ്ടുന്ന ഭക്ഷണങ്ങള്‍ കുറച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന മെനുവിലേക്ക് മാറാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എല്‍പിജി ലഭ്യതക്കുറവ് യാത്രക്കാരെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് റെയില്‍വേ പറയുന്നത്. എന്നാല്‍ ചില റൂട്ടുകളിലെങ്കിലും ചില നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്കിയുള്ള ക്രമീകരണങ്ങള്‍ക്കും സാധ്യതയുണ്ട്.
അതേസമയം, റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെല്ലാം ഇന്ധന പ്രതിസന്ധി രൂക്ഷമാണ്. പാക്കിസ്ഥാന്‍ കോവിഡ് സമയത്തെ പോലെ നിയന്ത്രണം കടുപ്പിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി.
Read DhanamOnline in English
Subscribe to Dhanam Magazine