Image credit : canva  
News & Views

പുതുക്കിയപ്പോള്‍ പഴയതിലും മോശം! ഐആർസിടിസി ആപ്പും വെബ്‌സൈറ്റും തരാറിലായതോടെ യാത്രാ ദുരിതത്തിലായി ജനം

നിമിഷങ്ങൾക്കകം എല്ലാ ട്രെയിനുകളിലെയും ടിക്കറ്റുകൾ തീർന്ന് 'റിഗ്രറ്റ്' സ്റ്റാറ്റസിലാകുന്നു

Dhanam News Desk

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഐആർസിടിസി (IRCTC) വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തടസങ്ങൾക്കെതിരെ ഉപയോക്താക്കള്‍ രംഗത്ത്. സോഷ്യൽ മീഡിയയിലും ഡൗൺഡിറ്റക്ടറിലും (Downdetector) ഉപയോക്താക്കളുടെ പ്രതിഷേധം ശക്തമാകുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ "Unable to Process Request", "System Overload" എന്നീ സന്ദേശങ്ങൾ കാണിക്കുകയും പേജ് ലോഡാകാതിരിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നമായി ആളുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് സംശയം

രാവിലെ 8 മണിക്ക് ബുക്കിംഗ് ആരംഭിക്കുമ്പോൾ അനുഭവപ്പെടുന്ന കടുത്ത തിരക്കിലാണ് ഈ തടസങ്ങൾ കൂടുതലായും സംഭവിക്കുന്നത്. വരാനിരിക്കുന്ന ദീപാവലി അടക്കമുളള ഉത്സവകാല യാത്രകൾക്കായി നിരവധി ആളുകളാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൈറ്റിനെ ആശ്രയിക്കുന്നത്.

2026 ജൂലൈയിൽ ലളിതമായ ഇന്റർഫേസോടെയും കുറഞ്ഞ ക്യാപ്‌ചകളോടെയും അവതരിപ്പിച്ച പുതിയ ഐആർസിടിസി വെബ്‌സൈറ്റും മൊബൈൽ ആപ്പും പഴയതിനേക്കാൾ മോശമാണെന്ന് ഉപയോക്താക്കള്‍ ആരോപിക്കുന്നു. നിമിഷങ്ങൾക്കകം എല്ലാ ട്രെയിനുകളിലെയും ടിക്കറ്റുകൾ തീർന്ന് 'റിഗ്രറ്റ്' (Regret) സ്റ്റാറ്റസിലാകുന്നതിനാൽ, യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്നും ബോട്ടുകളോ (Bots) ഏജന്റുമാരോ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

അതേസമയം ഒരേസമയം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് സെർവറുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. പ്രതിദിനം ശരാശരി 14.5 ലക്ഷത്തോളം ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന ഐആർസിടിസി, നിലവിലെ സാങ്കേതിക തടസങ്ങളെക്കുറിച്ചോ സെർവർ പണിമുടക്കിനെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. സെപ്റ്റംബർ 7 നാണ് റെയിൽവേ ചരിത്രത്തിലാദ്യമായി ഒറ്റദിവസം കൊണ്ട് 22.26 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്ത് റെക്കോർഡ് കുറിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT