ഖത്തര്‍ രാജകുടുംബം സമ്മാനമായി നല്‍കുന്ന സ്വര്‍ണം പൂശിയ ആഡംബര വിമാനം സ്വീകരിക്കുന്നതില്‍ പ്രസിഡന്റ് ട്രംപിന് രണ്ടാമതൊരു ചിന്തയില്ല. ഈ അവസരം വിഡ്ഢികള്‍ മാത്രമേ വേണ്ടെന്ന് വെക്കൂ എന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍ അമേരിക്കയിലെ നിയമം ട്രംപിനെതിരെ വാളുയര്‍ത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ പ്രസിഡന്റുമാര്‍ പാലിക്കേണ്ട ചിട്ടകള്‍ അമേരിക്കയില്‍ കര്‍ശനമാണ്. അതെല്ലാം കാറ്റില്‍ പറത്തി ഖത്തര്‍ രാജകുടുംബത്തിന്റെ വിലയേറിയ സമ്മാനം വാങ്ങിയാല്‍ അത് രാജ്യത്തിന് നാണക്കേടാകുമെന്നാണ് അമേരിക്കക്കാരുടെ ആശങ്ക. ട്രംപ് അമേരിക്കയെ നാണം കെടുത്തുമോ?
ഗള്‍ഫ് പര്യടനത്തിലുള്ള ട്രംപിന് ഖത്തര്‍ രാജകുടുംബം ഓഫര്‍ ചെയ്തിട്ടുള്ള 40 കോടി ഡോളര്‍ വില വരുന്ന ബോയിംഗ് 747-8 മോഡല്‍ വിമാനം ട്രംപ് സമ്മാനമായി വാങ്ങുമോ, നിരസിക്കുമോ എന്നാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. മാസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ രാജകുടുംബം അമേരിക്കയില്‍ എത്തിയപ്പോളാണ് ട്രംപ് ഈ വിമാനം കാണുന്നത്. അദ്ദേഹം അതില്‍ ചെറിയൊരു യാത്രയും നടത്തിയിരുന്നു. ട്രംപ് വിമാനത്തെ പുകഴ്ത്തിയതോടെ രാജകുടുംബം അത്തരമൊരു വിമാനം ഓഫര്‍ ചെയ്യുകയായിന്നു.
സമ്മാനം തനിക്ക് വ്യക്തിപരമായല്ല നല്‍കുന്നത്, മറിച്ച് രാജ്യത്തിനാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എക്‌സില്‍ കുറച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്്‌സ് വണിന് പകരമായി ഉപയോഗിക്കാമെന്നും അമേരിക്കക്ക് ഈ ഇനത്തില്‍ പണം ലാഭിക്കാമെന്നും അദ്ദേഹം പരാമര്‍ശിച്ചു. എയര്‍ഫോഴ്‌സ് വണിനായി പുതിയ വിമാനം ബോയിംഗ് കമ്പനിയില്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്പോഴാണ് ഖത്തറില്‍ നിന്ന് ഈ ഓഫര്‍ ലഭിക്കുന്നത്.
സമ്മാനം സ്വീകരിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്. രാജ്യത്തെ നിയമം ഇതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. അഴിമതി ഒഴിവാക്കുന്നതിനും സ്വാധീന വലയത്തില്‍ പെടാതിരിക്കാനും അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുന്നതിനെ അമേരിക്കന്‍ ഭരണയിലെ രണ്ട് നിയമങ്ങള്‍ തടയുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രിന്റെ അനുമതിയില്ലാതെ ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പ്രസിഡന്റിന് അനുമതിയില്ല. ഭരണഘടനയിലെ ഫോറിന്‍ ഗിഫ്റ്റ്‌സ് ആന്റ് ഡെക്കറേഷന്‍സ് ആക്ട് പ്രകാരം 480 ഡോളറില്‍ താഴെ മൂല്യമുള്ള സമ്മാനങ്ങള്‍ മാത്രമേ അമേരിക്കന്‍ പ്രസിഡന്റിന് സ്വീകരിക്കാന്‍ പാടുള്ളൂ. അതേസമയം, അമേരിക്കയുടെ പൊതുസ്വത്തായി ഉപയോഗിക്കാന്‍ കഴിയുന്ന സമ്മാനങ്ങള്‍ കോണ്‍ഗ്രസിന്റെ അനുമതിയോടെ സ്വീകരിക്കാമെന്ന വകുപ്പും ഭരണഘടനയിലുണ്ട്. ഇത് ഉയര്‍ത്തി കാട്ടിയാണ് ട്രംപ് ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ഖത്തറില്‍ നിന്നുള്ള സമ്മാനം ഉപയോഗത്തിന് ശേഷം പ്രസിഡന്റിന്റെ 'ലൈബ്രറി'യിലേക്ക് മാറ്റുമെന്നാണ് ട്രംപ് പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine