News & Views

പോത്തിറച്ചി ഒറിജിനല്‍ തന്നെയാണോ? അറിയാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍

പോത്തിറച്ചിയില്‍ വ്യാജനെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍

Dhanam News Desk

ബീഫ് കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോടികളുടെ വിദേശനാണ്യമാണ് രാജ്യത്തിന് ഈ മേഖല സമ്മാനിക്കുന്നത്. ഒരുവശത്ത് വിവാദങ്ങള്‍ നിലനില്ക്കുമ്പോഴും ഓരോ വര്‍ഷം ചെല്ലുന്തോറും ഇന്ത്യന്‍ ബീഫിന്റെ ഡിമാന്‍ഡ് കൂടുകയാണ്.

ഇപ്പോഴിതാ പോത്തിറച്ചിയില്‍ വ്യാജനെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബീഫിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി ആധുനിക ഡിഎന്‍എ അധിഷ്ഠിത പിസിആര്‍ പരിശോധന നടത്താനാണ് നീക്കം.

രാജ്യാന്തര തലത്തില്‍ മൃഗങ്ങളുടെ ഇനവും ഗുണമേന്മയും ഉറപ്പിക്കാന്‍ ഡിഎന്‍എ-പിസിആര്‍ പരിശോധന നടത്താറുണ്ട്. ഇത് ഇന്ത്യയിലേക്കും കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. ബീഫ് കയറ്റുമതിയുടെ മറവില്‍ പശുവിറച്ചി കലര്‍ത്തുന്നുണ്ടോയെന്ന് തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നേതൃത്വത്തിലാകും പരിശോധന.

പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ബീഫിലെ മായം കണ്ടെത്താന്‍ ഉപയോഗിക്കുക. പാകം ചെയ്തതോ പ്രോസസ് ചെയ്തതോ ആയ മാംസത്തില്‍ നിന്നു പോലും ഡിഎന്‍എ നശിക്കാതെ നിലനില്ക്കുമെന്നതിനാല്‍ ഈ സാങ്കേതികവിദ്യ വഴി മായം കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കും.

ഇന്ത്യന്‍ ബീഫിന്റെ ഗുണനിലവാരം ഉയര്‍ത്താനും അതുവഴി കയറ്റുമതിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനും ഇതുവഴി സാധിക്കും. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറയ്ക്കാനും പുതിയ പരീക്ഷണ രീതി വഴി കഴിയുമെന്നാണ് വിലയിരുത്തല്‍.

കയറ്റുമതിയില്‍ ഇന്ത്യന്‍ കുതിപ്പ്

ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. കയറ്റുമതിയിലൂടെ ഏകദേശം 34,177 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത്. വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായി കയറ്റുമതി.

ഉത്തര്‍പ്രദേശ് ആണ് ഇന്ത്യന്‍ ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത്. മൊത്തം കയറ്റുമതിയുടെ 60 ശതമാനം വരുമിത്. മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT