ഇന്ത്യയ്ക്ക് മേല്‍ അടുത്ത പ്രഹരത്തിന് യു.എസ് തയാറാകുന്നതായി സൂചന. പുറംജോലി കരാറുകള്‍ക്കും താരിഫ് ചുമത്തിയേക്കുമെന്ന സൂചന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് ഉപദേശകന്‍ പീറ്റര്‍ നവാരോയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചത്.
ഇന്ത്യയില്‍ നിന്നുള്ള കമ്പനികളാണ് യു.എസില്‍ നിന്നുള്ള ഐടി പുറംകരാറുകള്‍ കൂടുതലായി ചെയ്യുന്നത്. ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. എന്നാല്‍, ഇന്ത്യന്‍ കമ്പനികളേക്കാള്‍ യു.എസിനെയാകും ഇത്തരമൊരു നീക്കം നടന്നാല്‍ ബാധിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.
യു.എസ് വലതുപക്ഷ ആക്ടിവിസ്റ്റായ ജാക് പോസോബിക് സെപ്റ്റംബര്‍ ഒന്നിന് എക്‌സില്‍ കുറിച്ച പോസ്റ്റ് പങ്കുവച്ചാണ് പീറ്റര്‍ നവാരോ പുറംജോലികരാറിനും താരിഫ് വന്നേക്കുമെന്ന സൂചന നല്കിയത്. യുഎസിലേക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള പദവിക്ക് രാജ്യങ്ങള്‍ പണം നല്‍കണം, സാധനങ്ങള്‍ നല്‍കുന്നതുപോലെ തന്നെ. എല്ലാ വ്യവസായങ്ങളിലും ഇത് ബാധകമാക്കണമെന്നുമാണ് ജാക് പോസോബിക് കുറിച്ചത്.
പുറംരാജ്യങ്ങളിലുള്ളവര്‍ തങ്ങളുടെ തൊഴിലുകള്‍ കവര്‍ന്നെടുക്കുന്നുവെന്ന പൊതുബോധം യു.എസിലുണ്ട്. തൊഴിലില്ലായ്മ നിരക്കില്‍ യു.എസില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഭരണകൂടം തയാറാകണമെന്നാണ് വലതുപക്ഷ സ്വഭാവമുള്ള യു.എസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, പുറംജോലി കരാറുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നത് അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സേവനങ്ങള്‍ക്ക് യഥാര്‍ത്ഥ താരിഫ് നല്‍കുന്നത് ബുദ്ധിമുട്ടാണ്. സേവനങ്ങള്‍ക്ക് താരിഫ് പ്രയോഗിക്കുന്നത് അപ്രായോഗികമാകുമെന്ന് മാത്രമല്ല, നിയമപരവും പ്രവര്‍ത്തനപരവും സാമ്പത്തികവുമായ അപകടസാധ്യതകളിലേക്കും നയിക്കുമെന്ന് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine