image credit : canva 
News & Views

ഇസ്രയേലിന് വേണം 15,000 ഇന്ത്യക്കാരെ, മാസം ₹2 ലക്ഷത്തിന് മുകളില്‍ കിട്ടും; പക്ഷേ ഇതുകൂടി കേള്‍ക്കണം

രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിനുള്ള അഭിമുഖം മഹാരാഷ്ട്രയില്‍ നടക്കും

Dhanam News Desk

ആരോഗ്യ-നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറവ് നികത്താന്‍ ഇന്ത്യയില്‍ നിന്നും 15,000 പേരെ നിയമിക്കാനൊരുങ്ങി ഇസ്രയേല്‍. 10,000 നിര്‍മാണ തൊഴിലാളികളെയും 5,000 ആരോഗ്യപ്രവര്‍ത്തകരെയും ആവശ്യമുണ്ടെന്ന് കാട്ടി ഇസ്രയേല്‍ അധികൃതര്‍ സമീപിച്ചതായി കേന്ദ്ര നൈപുണ്യ വികസന കോര്‍പറേഷന്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം സമാന ആവശ്യവുമായി ഇസ്രയേല്‍ ഇന്ത്യയെ സമീപിച്ചിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഒരുലക്ഷത്തോളം പാലസ്തീന്‍ താത്കാലിക തൊഴിലാളികളെ ഇസ്രയേല്‍ പിരിച്ചുവിട്ടത്. ഇത് ഇസ്രയേലില്‍ കനത്ത തൊഴിലാളി ക്ഷാമത്തിന് ഇടയാക്കിയതോടെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ആളെയെത്തിക്കാന്‍ തീരുമാനിച്ചത്.

ആദ്യമെടുത്തവരില്‍ തൃപ്തിയില്ല

ആദ്യ ബാച്ചില്‍ ഇസ്രയേലിലേക്ക് തിരഞ്ഞെടുത്തത് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത തൊഴിലാളികളെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര നൈപുണ്യ വികസന കോര്‍പറേഷന്റെ പ്രസ്താവനയുമെത്തിയത്. ഈ വര്‍ഷമാദ്യമാണ് ഇസ്രയേലിലേക്ക് സര്‍ക്കാര്‍-സ്വകാര്യ തലങ്ങളില്‍ 10,000 ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. യു.പി, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലാണ് അഭിമുഖങ്ങള്‍ നടന്നത്. മൂന്ന് റൗണ്ടുകള്‍ നീണ്ട അഭിമുഖത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പലര്‍ക്കും നിര്‍മാണ തൊഴിലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഇസ്രയേലില്‍ എത്തിയതിന് ശേഷമാണ് മനസിലായതെന്നാണ് റിപ്പോര്‍ട്ട്. പലര്‍ക്കും ചുറ്റിക പിടിക്കാന്‍ പോലും അറിയില്ലായിരുന്നു. ബാര്‍ബര്‍, കൃഷിപ്പണി തുടങ്ങിയ ജോലികള്‍ പ്രതീക്ഷിച്ചാണ് ഇവര്‍ എത്തിയത്.

പുനര്‍ വിന്യസിക്കും

തുടക്കത്തില്‍ പ്രശ്‌നമൊന്നുമില്ലാതിരുന്നെങ്കിലും പിന്നീട് ഇസ്രയേലി കരാറുകാര്‍ ഇന്ത്യന്‍ തൊഴിലാളികളെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചില്ല. ശരിയായ പ്രവര്‍ത്തന പരിചയമില്ലാതിരുന്നതാണ് കുഴപ്പമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഇവരെ ഫാക്ടറി ജോലികള്‍ക്കും ക്ലീനിംഗ്, കയറ്റിറക്ക് ജോലികള്‍ക്കും നിയമിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിലെത്തിയ 500ലധികം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ഇനി ആളെ നിയമിക്കുന്നത് സൂക്ഷിച്ച്

15,000 ഇന്ത്യന്‍ തൊഴിലാളികളെ വീണ്ടും ആവശ്യമുണ്ടെന്ന് ഇസ്രയേല്‍ പോപുലേഷന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ അതോറിറ്റി (പി.ഐ.ബി.എ) ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ക്കായി അടുത്ത ആഴ്ചകളില്‍ പി.ഐ.ബി.എ സംഘം ഇന്ത്യയിലെത്തും. ഇത്തവണ മഹാരാഷ്ട്രയില്‍ വച്ചായിരിക്കും അഭിമുഖം നടക്കുക.

ആരോഗ്യമേഖലയില്‍ 5,000 പേരെ വേണം

ഇസ്രയേലിന് ആരോഗ്യരംഗത്തെ പരിചാരകരായി (caregivers) 5,000 പേരെ ആവശ്യമുണ്ട്. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും അംഗീകൃത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ കെയര്‍ഗിവര്‍ സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ അപേക്ഷിക്കാം. 990 മണിക്കൂര്‍ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.

കിടിലന്‍ ശമ്പളം

നിര്‍മാണ ജോലിക്ക് വേണ്ടി ആദ്യഘട്ടത്തില്‍ 16,832 പേരാണ് അഭിമുഖത്തിനെത്തിയത്. ഇതില്‍ 10,349 പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് പ്രതിമാസം ശമ്പളമായി 1.92 ലക്ഷം രൂപയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ആഹാരം, താമസം എന്നിവയും ലഭിക്കും. ബോണസായി 16,515 രൂപയും ലഭിക്കും. ഇസ്രയേലിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗും പൂര്‍ത്തിയാക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT