Photo : ITC / Website 
News & Views

സിഗരറ്റില്‍ പുകഞ്ഞ് ഐടിസിയുടെ ലാഭം; 20% ഇടിവ്, എഫ്എംസിജി ബിസിനസില്‍ വന്‍ മുന്നേറ്റം

സിഗരറ്റില്‍ തിരിച്ചടി, ബിസ്‌കറ്റിലും നൂഡില്‍സിലും മുന്നേറ്റം; ഐടിസിയില്‍ എന്താണ് നടക്കുന്നത്?

Dhanam News Desk

രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ഐടിസിക്ക് (ITC) പ്രധാന വരുമാന സ്രോതസായ സിഗരറ്റ് ബിസിനസില്‍ കനത്ത തിരിച്ചടി. സിഗരറ്റ് വില്‍പനയിലുണ്ടായ ഇടിവും നികുതിഭാരം വര്‍ധിച്ചതും കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തെ സാരമായി ബാധിച്ചു.

2026-27 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഐടിസിയുടെ ലാഭം 20.1 ശതമാനം കുറഞ്ഞ് 4,137.12 കോടി രൂപയായി. കമ്പനിയുടെ പ്രധാന വരുമാന സ്രോതസായ സിഗരറ്റ് വിഭാഗത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 27 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

സിഗരറ്റ് വില്‍പന കുറഞ്ഞത് 8% വരെ

ഐടിസിയുടെ സിഗരറ്റ് ബിസിനസിലെ വില്‍പന അളവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് മുതല്‍ എട്ട് ശതമാനം വരെ കുറഞ്ഞതായാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെ.പി മോര്‍ഗന്റെ വിലയിരുത്തല്‍. സിഗരറ്റിനുമേലുള്ള ഉയര്‍ന്ന നികുതിയുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാതെ കമ്പനി തന്നെ വഹിച്ചതും ലാഭക്ഷമതയെ ബാധിച്ചു.

സിഗരറ്റ് വില വര്‍ധിപ്പിക്കുമ്പോള്‍ വില്‍പന കുറയാനുള്ള സാധ്യതയും വില വര്‍ധിപ്പിക്കാതിരുന്നാല്‍ ലാഭവിഹിതം ചുരുങ്ങുമെന്ന വെല്ലുവിളിയുമാണ് ഐടിസി നേരിടുന്നത്. വില്‍പന അളവ് കുറയുന്നതിനൊപ്പം സിഗരറ്റ് ബിസിനസിലെ ലാഭവും ഇടിയുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ ബാധിക്കുന്നുണ്ട്.

എഫ്എംസിജി ബിസിനസില്‍ മികച്ച വളര്‍ച്ച

സിഗരറ്റ് ബിസിനസ് പ്രതിസന്ധി നേരിടുമ്പോഴും ഐടിസിയുടെ മറ്റ് ബിസിനസ് വിഭാഗങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സിഗരറ്റ് ഇതര എഫ്എംസിജി വിഭാഗത്തിന്റെ വരുമാനം 16 ശതമാനം ഉയര്‍ന്ന് 6,967.2 കോടി രൂപയായി. ഈ വിഭാഗത്തിലെ ലാഭം 28 ശതമാനം വര്‍ധിച്ച് 558.3 കോടി രൂപയിലെത്തി.

കഴിഞ്ഞ 14 പാദങ്ങളിലെ ഏറ്റവും മികച്ച വരുമാന വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. ബിസ്‌കറ്റ്, സ്‌നാക്‌സ്, നൂഡില്‍സ്, സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ്, ഫ്രോസണ്‍ സ്‌നാക്‌സ്, ഹോംകെയര്‍ ഉല്‍പന്നങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയുടെ വില്‍പനയില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.

ഈ വര്‍ഷം ഓഹരി ഇടിഞ്ഞത് 26.8%

2026ല്‍ ഇതുവരെ ഐടിസിയുടെ ഓഹരി വില 26.8 ശതമാനമാണ് ഇടിഞ്ഞത്. ഇതേ കാലയളവില്‍ നിഫ്റ്റി 50 സൂചികയുടെ ഇടിവ് 10.4 ശതമാനമാണ്. ഐടിസിയുടെ ഓഹരിയുടെ തുടര്‍പ്രകടനം പ്രധാനമായും സിഗരറ്റ് ബിസിനസിലെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും. ഉയര്‍ന്ന നികുതിഭാരം, സിഗരറ്റ് വില്‍പനയുടെ അളവിലെ കുറവ്, വിലവര്‍ധന വില്‍പനയെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണായകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT