canva, Jlr
News & Views

ഇ.വികളുടെ നല്ല കാലം കഴിഞ്ഞോ? ടാറ്റ പ്ലാന്റില്‍ ഇവി നിര്‍മ്മിക്കില്ലെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, അവിന്യയുടെ വരവും വൈകും

ചൈനീസ് കമ്പനികളുടെ ഭീഷണിയും ഇവികളോട് പ്രിയം കുറഞ്ഞതും മിക്ക കമ്പനികളുടെയും ഇ.വി പ്ലാനില്‍ മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ട്്

Dhanam News Desk

മാതൃകമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ പുതിയ തമിഴ്‌നാട് പ്ലാന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കില്ലെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതും തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഏകദേശം 9,000 കോടി രൂപ മുടക്കിയാണ് ടാറ്റ മോട്ടോര്‍സ് തമിഴ്‌നാട്ടിലെ റാണിപെട്ടില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഇ.വി മേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്ലാന്റ് ആവിഷ്‌ക്കരിച്ചത്. ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ 2008ലാണ് ടാറ്റ മോട്ടോര്‍സ് ഏറ്റെടുക്കുന്നത്.

കാരണമെന്ത്?

വിപണിയില്‍ ഇ.വികളോടുള്ള പ്രിയം കുറഞ്ഞതും ചൈനീസ് കമ്പനികള്‍ മത്സരം കടുപ്പിച്ചതും കണക്കിലെടുത്ത് മിക്ക കമ്പനികളും ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്ലാനില്‍ മാറ്റം വരുത്തുന്നതിനിടെയാണ് ജെ.എല്‍.ആറിന്റെ നീക്കം. കൂടുതല്‍ പേര്‍ക്കും ഹൈബ്രിഡ് വാഹനങ്ങളോടാണ് താത്പര്യമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ജെ.എല്‍.ആറിന്റെ നീക്കം പ്രീമിയം ഇ.വി സെഗ്‌മെന്റില്‍ ടാറ്റ അവതരിപ്പിക്കാനിരുന്ന അവിന്യ മോഡലുകളെയും വൈകിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജെ.എല്‍.ആര്‍ ഇ.വി മോഡലുകള്‍ക്കായി ഡിസൈന്‍ ചെയ്യുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് അവിന്യയും നിര്‍മിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത്.

പ്രതികരിച്ച് ടാറ്റ

അതേസമയം, വിപണിയിലെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഈ പ്ലാന്റില്‍ നിന്നും വാഹനങ്ങളുടെ നിര്‍മാണമെന്ന് ടാറ്റ മോട്ടോര്‍സ് പ്രതികരിച്ചു. ടാറ്റ മോട്ടോര്‍സിന്റെയും ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെയും അടുത്ത തലമുറ വാഹനങ്ങളും എസ്.യു.വികളുമായിരിക്കും ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം വാഹനങ്ങള്‍ വരെ ഇവിടെ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും. ആഭ്യന്തര-വിദേശ വിപണികളെ ലക്ഷ്യമിട്ടായിരിക്കും പ്രവര്‍ത്തനം. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പൂര്‍ണ നിര്‍മാണ ശേഷിയിലെത്തുമെന്നും ടാറ്റമോട്ടോര്‍സ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ വില്‍പ്പന കുത്തനെയിടിഞ്ഞു

ഇലക്ട്രിക് യാത്രാ വാഹനങ്ങളുടെ ഫെബ്രുവരിയിലെ വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സിന് വലിയ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇക്കൊല്ലം ഫെബ്രുവരിയില്‍ 3,825 യൂണിറ്റുകളാണ് ടാറ്റ വിറ്റത്. മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 25.63 ശതമാനം കുറവ്. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ ടാറ്റ മോട്ടോര്‍സ് 5,413 യൂണിറ്റുകള്‍ വിറ്റതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) കണക്കുകള്‍ വ്യക്തമാക്കുന്നു. ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, കര്‍വ് തുടങ്ങിയ ഇവി മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ചൈനീസ് മോഡലായ ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍സിന്റെ വില്‍പ്പന 198.36 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ 1,096 യൂണിറ്റുകള്‍ മാത്രം വിറ്റ കമ്പനി ഇക്കൊല്ലം 3,270 എണ്ണം വിറ്റു. കോമറ്റ്, വിന്‍സര്‍, ഇസഡ് എസ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT