Image Courtesy: Canva 
News & Views

എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോയും എയര്‍ടെല്ലും, ചാര്‍ജ് വര്‍ധനക്കുള്ള മുന്നൊരുക്കമെന്ന് വിലയിരുത്തല്‍, റീച്ചാര്‍ജില്‍ പൊള്ളാതിരിക്കാന്‍ എന്തുചെയ്യണം?

ഉയര്‍ന്ന പ്ലാനിലേക്ക് വരിക്കാരെ മാറ്റാനും ഒരാളില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കാനുമാണ് കമ്പനികളുടെ നീക്കമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

രാജ്യത്ത് വീണ്ടും മൊബൈല്‍ റീച്ചാര്‍ജ് താരിഫ് വര്‍ധനക്ക് കളമൊരുങ്ങുന്നു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ തങ്ങളുടെ അടിസ്ഥാന പ്ലാനുകള്‍ പിന്‍വലിച്ചത് നിരക്ക് വര്‍ധനക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ 10-12 ശതമാനം വരെ നിരക്ക് വര്‍ധനയുണ്ടായേക്കുമാണ് അനലിസ്റ്റുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം 249 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ പിന്‍വലിച്ചിരുന്നു. പിന്നാലെ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും സമാന നീക്കം നടത്തി. ഉയര്‍ന്ന ഡാറ്റ പാക്കുകള്‍ പണം കൊടുത്ത് വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനാണിത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെര്‍ കണ്‍സ്യൂമര്‍ ARPU) വര്‍ധിപ്പിക്കാനും കമ്പനികള്‍ ലക്ഷ്യമിടുന്നു. ഒറ്റയടിക്കല്ലാതെ, അടിസ്ഥാന പ്ലാനുകള്‍ ഒഴിവാക്കിയും ഉപയോഗിക്കാവുന്ന ഡാറ്റ പരിധി വെട്ടിക്കുറച്ചുമാണ് കമ്പനികള്‍ താരിഫ് വര്‍ധന നടപ്പിലാക്കുന്നത്.

പഴയതും പുതിയതും

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ജിയോയുടെ 249 രൂപയുടെ പ്ലാന്‍ കടകളില്‍ ലഭിക്കും. പ്രതിദിനം ഒരു ജി.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഈ പ്ലാനിലുള്ളത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ എന്‍ട്രി ലെവല്‍ പ്ലാനിന് ഇനി 299 രൂപ നല്‍കണം. 17 ശതമാനം വര്‍ധന. എയര്‍ടെല്‍ ഒഴിവാക്കിയ അടിസ്ഥാന പ്ലാന്‍ ഇനി കടകളിലും ലഭ്യമാകില്ല. പ്രതിദിനം ഒരു ജി.ബി വീതം ഡാറ്റ ഉപയോഗിക്കാവുന്ന 299 രൂപയുടെ പ്ലാനിന് 28 ദിവസമായിരുന്നു കാലാവധി. പുതിയ എന്‍ട്രി ലെവല്‍ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്‍ 319 രൂപ നല്‍കണം. ഈ പ്ലാനില്‍ നേരത്തെ 5ജി ഡാറ്റ നല്‍കിയിരുന്നു. പുതിയ തീരുമാനത്തില്‍ അതും പിന്‍വലിച്ചു. വോഡഫോണ്‍ ഐഡിയയും സമാനമായ നീക്കത്തിലാണ്. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ അധികം വൈകാതെ വി.ഐ പിന്‍വലിക്കുമെന്നാണ് കരുതുന്നത്.

വരുമാനം കൂടും

ഒരു ഉപയോക്താവില്‍ നിന്നും ജിയോക്ക് ശരാശരി 208.8 രൂപയും എയര്‍ടെല്ലിന് 250 രൂപയും വി.ഐക്ക് 177 രൂപയും ലഭിക്കുമെന്നാണ് കണക്ക്. 49.8 കോടി വരിക്കാരുള്ള ജിയോയാണ് വിപണിയിലെ വമ്പന്‍. 43.6 വരിക്കാര്‍ എയര്‍ടെല്ലിനുണ്ട്. 19.7 കോടി വരിക്കാരാണ് വി.ഐക്കുള്ളത്. പുതിയ തീരുമാനം നടപ്പിലായാല്‍ ഒരാളില്‍ നിന്ന് മാത്രം 11-13 രൂപ ജിയോക്ക് അധികം ലഭിക്കും. ആകെ വരിക്കാരില്‍ 20-25 ശതമാനം ആളുകള്‍ അടിസ്ഥാന പ്ലാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എയര്‍ടെല്ലിന് 10-11 രൂപയും വി.ഐക്ക് 13-14 രൂപയും ഇങ്ങനെ കിട്ടും.

ഇക്കാര്യം ശ്രദ്ധിക്കണേ

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മൊബൈല്‍ റീച്ചാര്‍ജ് വര്‍ധന കുടുംബ ബജറ്റിനെ താളം തെറ്റിക്കാന്‍ പോന്നതാണ്. ഇതിനെ നേരിടാന്‍ ഇന്റര്‍നെറ്റ് ഉപയോഗം വിലയിരുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിദിനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന് അനുസരിച്ച് ഓരോരുത്തരുടെയും പോക്കറ്റിനിണങ്ങുന്ന പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചാര്‍ജ് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. വര്‍ധന നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ റീചാര്‍ജ് ചെയ്താല്‍ പണം ലാഭിക്കാന്‍ കഴിയും.

Reliance Jio and Bharti Airtel have withdrawn their ₹249 entry-level prepaid plans, signaling a shift towards higher data packages. Industry analysts anticipate that this move could pave the way for upcoming tariff hikes in the telecom sector.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT