News & Views

സംയുക്ത സംരംഭത്തില്‍ നിന്ന് എസ്.ബി.ഐയെ ഒഴിവാക്കി മുകേഷ് അംബാനി; ജിയോഫിന്‍ ഓഹരികള്‍ക്ക് കുതിപ്പ്

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഓഹരികള്‍ 52 ആഴ്ച്ചത്തെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ തിങ്കളാഴ്ച (മാര്‍ച്ച് മൂന്നിന്) എത്തിയിരുന്നു

Dhanam News Desk

ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. 104.54 കോടി രൂപ വില വരുന്ന 7.9 കോടി ഓഹരികളാണ് ഇത്തരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമസ്ഥതയിലുള്ള കമ്പനി തിരികെ വാങ്ങുന്നത്.

റിലയന്‍സിന്റെയും എസ്.ബി.ഐയുടെയും സംയുക്ത സംരംഭത്തിലായിരുന്നു ജിയോ പേയ്‌മെന്റ്‌സ് ബാങ്കിന് തുടക്കമിട്ടത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് ഈ സംരംഭത്തില്‍ 82.17 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

പുതിയ നീക്കത്തോടെ ഈ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് കീഴിലാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലായിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനെ പിന്നീട് സ്വതന്ത്രസ്ഥാപനമാക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് കമ്പനിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

ഓഹരികളില്‍ കുതിപ്പ്

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഓഹരികള്‍ 52 ആഴ്ച്ചത്തെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ തിങ്കളാഴ്ച (മാര്‍ച്ച് മൂന്നിന്) എത്തിയിരുന്നു. 198.60 എത്തിയ ഓഹരിവില ഇന്ന് (മാര്‍ച്ച് 5, ബുധന്‍) രാവിലെ കുതിച്ചു കയറി. ഇതുവരെ 5.19 നേട്ടത്തോടെ 217.05 രൂപയിലാണ് ഓഹരി വില.

2024 ഏപ്രിലില്‍ 394 രൂപ വരെ ഉയര്‍ന്നിരുന്നു ഓഹരിവില. 1,38,152 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ 438 കോടി രൂപ വരുമാനവും 295 കോടി രൂപ ലാഭവും കമ്പനിക്ക് നേടാനായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT