Image Courtesy: ril.com, x.com/IPL 
News & Views

10 സെക്കന്‍ഡ് പരസ്യത്തിന് 28 ലക്ഷം രൂപ! ക്രിക്കറ്റില്‍ നിന്ന് പണംവാരാന്‍ അംബാനി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് 4,500 കോടി രൂപ സ്വന്തമാക്കാമെന്നാണ് ജിയോ സ്റ്റാറിന്റെ പ്രതീക്ഷ

Dhanam News Desk

ഈ സീസണിലെ ക്രിക്കറ്റ് സീസണ്‍ പൂര്‍ണമായും മുതലെടുക്കാനുറച്ച് റിലയന്‍സ് ഗ്രൂപ്പ്. അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഐ.പി.എല്ലിന്റെയും സംപ്രേക്ഷണാവകാശം റിലയന്‍സും സ്റ്റാര്‍ ഇന്ത്യയും നേതൃത്വം നല്‍കുന്ന പുതിയ സംയുക്ത സംരംഭത്തിനാണ്. രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നായി ഏകദേശം 6,000 കോടി രൂപയുടെ വരുമാനമാണ് ജിയോ സ്റ്റാര്‍ ലക്ഷ്യംവയ്ക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് 1,500 കോടി

പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് 1,500 കോടി രൂപ വരുമാനം നേടാമെന്നാണ് ജിയോ സ്റ്റാറിന്റെ പ്രതീക്ഷ. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് പരസ്യദാതാക്കളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. ഹൈ വോള്‍ട്ടേജ് പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം ആദ്യ റൗണ്ടില്‍ തന്നെ നടക്കുന്നത് ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 23നാണ് ബദ്ധവൈരികളുടെ പോരാട്ടം.

ചാമ്പ്യന്‍സ് ട്രോഫി സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലാണ്. കോ പ്രസന്റിംഗ് സ്‌പോണ്‍സര്‍ഷിപ്പിനായി സ്റ്റാര്‍ മുന്നോട്ടുവച്ചിരിക്കുന്നത് 55 കോടി രൂപയാണ്. പ്രസന്റിംഗ് സ്‌പോണ്‍സറായി എത്തണമെങ്കില്‍ 44 കോടി രൂപ നല്‍കണം. ഇന്ത്യയുടെ മല്‍സരങ്ങളുടെ പരസ്യനിരക്ക് 10 സെക്കന്‍ഡിന് 28 ലക്ഷം രൂപയാണ്. ഇന്ത്യ-പാക് മല്‍സരത്തില്‍ നിന്ന് മാത്രം കോടികളാണ് ജിയോ സ്റ്റാറിന് ലഭിക്കുക.

രാജ്യത്ത് വിവിധ മേഖലകളില്‍ മാന്ദ്യരീതി നിലനില്‍ക്കുന്നത് ജിയോ സ്റ്റാറിന്റെ വരുമാന പ്രതീക്ഷകളെ ബാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ-പാക് മത്സരം വരുന്നത് ടൂര്‍ണമെന്റിന്റെ ആവേശവും പ്രധാന്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഐപിഎല്‍ ചാകരയാകും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് 4,500 കോടി രൂപ സ്വന്തമാക്കാമെന്നാണ് ജിയോ സ്റ്റാറിന്റെ പ്രതീക്ഷ. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ കൂടുതല്‍ മത്സരങ്ങളുള്ളതും എല്ലാ ടീമുകള്‍ക്കും ആരാധകരേറെയുള്ളതുമാണ് പരസ്യവരുമാനത്തിലും ഗുണകരമാകുക. 10 സെക്കന്‍ഡുള്ള പരസ്യ സ്സോട്ടിന് 5.45 ലക്ഷം രൂപയാണ് നിരക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15-20 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റില്‍ ക്രിക്കറ്റ് തന്നെ മേധാവിത്വം പുലര്‍ത്തുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT