Image Courtesy: ril.com 
News & Views

ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അംബാനി 'കുത്തക', കായികമേഖലയില്‍ വിലപേശല്‍ ശേഷിക്ക് അവസാനം!

വിപണി പിടിക്കുന്നതിന്റെ ഭാഗമായി ജിയോസിനിമയും ഹോട്ട്‌സ്റ്റാറും പല കണ്ടന്റുകളും സൗജന്യമായിട്ടായിരുന്നു കാണിച്ചിരുന്നത്. ഇരുവരും ഒന്നിച്ചതോടെ സ്‌പോര്‍ട്‌സ് ഇവന്റുകളുടെ സൗജന്യം എടുത്തു കളഞ്ഞിട്ടുണ്ട്

Dhanam News Desk

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പും സ്റ്റാര്‍ ഇന്ത്യയും ലയിച്ച് ഒരൊറ്റ കമ്പനിയായതോടെ ഇന്ത്യയിലെ വിനോദ മാധ്യമരംഗത്ത് വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ മുന്‍നിരക്കാരായിരുന്ന ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചതോടെ ഈ രംഗത്ത് കുത്തകവല്‍ക്കരണം സംഭവിച്ചേക്കുമെന്ന ഭയം ആരാധകര്‍ക്ക് മാത്രമല്ല വിവിധ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും ഉണ്ട്.

ഡിസ്‌നി ഹോട്ട്‌സ്റ്റാറും ജിയോ സിനിമാസും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ശക്തമായ മത്സരം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് കോടികള്‍ നല്‍കിയാണ് വിവിധ ഇവന്റുകളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇരുകമ്പനികളും തമ്മില്‍ ലയിച്ചതോടെ വിപണിയില്‍ കാര്യമായ മത്സരം ഉണ്ടാകാത്ത അവസ്ഥ സംജാതമായി. ഇത് ടി.വി, ഡിജിറ്റല്‍ റൈറ്റ്‌സ് വില്പനയില്‍ പ്രതിഫലിക്കും.

പുതിയ സംയുക്ത കമ്പനിയോട് മത്സരിക്കാന്‍ ശേഷിയുള്ള പ്ലാറ്റ്‌ഫോമുകളൊന്നും നിലവിലില്ലെന്നതാണ് വാസ്തവം. സോണിയും സീ നെറ്റ്‌വര്‍ക്കും രംഗത്തുണ്ടെങ്കിലും അവര്‍ മത്സരത്തിന് അത്ര തയാറല്ല. അതുകൊണ്ട് തന്നെ ജിയോഹോട്ട്‌സ്റ്റാറിന് സംപ്രേക്ഷണാവകാശം നിശ്ചയിക്കാനുള്ള ശേഷി കൈവന്നിരിക്കുകയാണ്.

പ്രേക്ഷകര്‍ക്ക് നേട്ടവും കോട്ടവും

ലയനം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ സമ്മിശ്രമാണ്. വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്കായി പണംമുടക്കേണ്ട അവസ്ഥ ഇല്ലാതായെന്നത് പ്രേക്ഷകര്‍ക്ക് നേട്ടമാണ്. എന്നാല്‍ വിപണി പിടിക്കുന്നതിന്റെ ഭാഗമായി ജിയോസിനിമയും ഹോട്ട്‌സ്റ്റാറും പല കണ്ടന്റുകളും സൗജന്യമായിട്ടായിരുന്നു കാണിച്ചിരുന്നത്. ഇരുവരും ഒന്നിച്ചതോടെ സ്‌പോര്‍ട്‌സ് ഇവന്റുകളുടെ സൗജന്യം എടുത്തു കളഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്, ഇന്ത്യന്‍ സൂപ്പര്‍ലീഗ്, ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്, ഐസിസി ക്രിക്കറ്റ് ലോകകപ്പ്, വിവിധ ഫുട്‌ബോള്‍ ലീഗുകള്‍ എന്നിവയുടെയെല്ലാം ഇന്ത്യയിലെ സംപ്രേക്ഷണാവകാശം ജിയോഹോട്ട്‌സ്റ്റാറിനാണ്. എതിരാളികള്‍ ദുര്‍ബലമായതിനാല്‍ ഭാവിയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ കൂടാന്‍ സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT