News & Views

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഇ.വി പ്ലാന്റില്‍ മനംമാറ്റം? വൈദ്യുത വാഹന രംഗത്തെ അരങ്ങേറ്റം വൈകിയേക്കും

ചൈനീസ് വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്സ് ഇന്ത്യയുടെ 35 ശതമാനം ഓഹരി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു

Dhanam News Desk

ഒഡീഷയില്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് നടത്താനിരിക്കുന്ന 40,000 കോടി രൂപയുടെ വൈദ്യുത വാഹന, ബാറ്ററി പദ്ധതിയില്‍ അനിശ്ചിതത്വം. നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കട്ടക്ക് ജില്ലയില്‍ പുതിയ പ്ലാന്റിനായി കരാര്‍ ഒപ്പിട്ടത്. ഈ പദ്ധതി മഹാരാഷ്ട്രയിലേക്ക് മാറ്റുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് നിക്ഷേപം സംബന്ധിച്ച ആശങ്ക വീണ്ടും ഉയര്‍ന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ചൈനീസ് വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്സിന്റെ ഓഹരികള്‍ സ്വന്തമാക്കിയാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് വൈദ്യുത വാഹന വിപണിയിലേക്ക് കടക്കുന്നത്. ഇതിനു പിന്നാലെയാണ് വൈദ്യുത വാഹന രംഗത്ത് കൂടുതല്‍ നിക്ഷേപമൊരുക്കാന്‍ കമ്പനി തീരുമാനിച്ചത്. കട്ടക്, പാരദീപ് എന്നീ പ്രദേശങ്ങളില്‍ ഇലക്ട്രിക് വാഹന നിര്‍മാണവും ഇ.വി. ബാറ്ററി നിര്‍മാണശാലയും ഒരുക്കുന്നതിനാണ് ഒഡീഷ സര്‍ക്കാരുമായി ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടത്.

നോട്ടം മഹാരാഷ്ട്രയിലേക്കോ?

സംരംഭകരെ ആകര്‍ഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ ആകര്‍ഷകമായ സഹായം പ്രതീക്ഷിച്ചാകാം ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ഒഡീഷ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. ഒഡീഷയിലെ നിക്ഷേപവുമായി മുന്നോട്ടു പോകുമെന്ന് പറയുമ്പോഴും കരാറൊപ്പിട്ടതിനപ്പുറം മറ്റൊന്നും നടന്നിട്ടില്ല. ഔറംഗാബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പ്ലാന്റിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാനം.

ചൈനീസ് വാഹന നിര്‍മാതാക്കളായ സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള എം.ജി. മോട്ടോഴ്സ് ഇന്ത്യയുടെ 35 ശതമാനം ഓഹരി ഇക്കഴിഞ്ഞ ഡിസംബറിലാണ് സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് സ്വന്തമാക്കിയത്. വാഹന വിപണിയിലേക്കുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ആദ്യ ചുവടുവയ്പ് കൂടിയായിരുന്നു ഇത്. നാല് വര്‍ഷത്തിനുള്ളില്‍ എം.ജി മോട്ടോഴ്‌സ് ഇന്ത്യയുടെ 51 ശതമാനം ഓഹരി ജെ.എസ്.ഡബ്ല്യു സ്വന്തമാക്കാനാണ് നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT