മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്‍ഡ് സി.ഇ.ഒ വി.പി നന്ദകുമാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി ആന്റ് സി.ഇ.ഒ കെ പോള്‍ തോമസ്  
News & Views

കെ-ഹോംസ് പദ്ധതി മികച്ചത്, സമ്പദ്ഘടനക്ക് ഉണര്‍വേകും, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥക്ക് ആക്കം കൂട്ടും: ബജറ്റ് പ്രതികരണങ്ങള്‍

കെ-ഹോംസ് പദ്ധതി പ്രശംസനീയമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്‍ഡ് സി.ഇ.ഒ വി.വി നന്ദകുമാര്‍

Dhanam News Desk

കൃഷി, ആരോഗ്യ സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സുസ്ഥിര വികസനം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സന്തുലിതമായ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്‍ഡ് സി.ഇ.ഒ വി.പി നന്ദകുമാര്‍. സംസ്ഥാനത്തെ അടഞ്ഞു കിടക്കുന്ന വീടുകളെ ടൂറിസം മേഖലയുമായി ഏകോപിപ്പിച്ച്, വീട്ടുടമകള്‍ക്ക് അധികവരുമാനമുണ്ടാക്കുന്ന കെ- ഹോംസ് പദ്ധതി പ്രശംസനീയമാണ്. പുനരുപയോഗ ഊര്‍ജ മേഖലയുടെ ഗവേഷണത്തിനും വളര്‍ച്ചയ്ക്കുമായി നിക്ഷേപം നടത്തും. വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളിലെ നടപടികള്‍ ദീര്‍ഘകാല സുസ്ഥിര സമ്പദ്മേഖലയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പദ് ഘടനക്ക് ഉണര്‍വേകും

കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ സൂക്ഷ്മ ചെറുകിട സംരഭകര്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി ആന്റ് സി.ഇ.ഒ കെ പോള്‍ തോമസ്. ഇന്ത്യയെ കളിപ്പാട്ട നിര്‍മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി, സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ പ്രാദേശികമായി കളിപ്പാട്ട ഉല്‍പാദനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കോ- വര്‍ക്കിങ് സ്‌പേസുകള്‍ നിര്‍മിക്കാന്‍ 5 ശതമാനം പലിശനിരക്കില്‍ 10 കോടി രൂപവരെ വായ്പയായി നല്‍കുന്ന 'എക്സ്പാന്‍ഡ് യുവര്‍ ഓഫിസ്' പദ്ധതി സംരംഭക മേഖലയെ ത്വരിതപ്പെടുത്തും. കണ്ണൂര്‍, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പുതുതായി തുടങ്ങുന്ന ഐ.ടി പാര്‍ക്കുകള്‍ വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സംസ്ഥാനത്തെ സര്‍വകലാശാലകളും വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്ന് സഹകരിക്കുന്ന രീതിയില്‍ സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് വിജ്ഞാന സമ്പദ്ഘടനയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും: അനൂപ് അംബിക

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജിസിസി) വികസിപ്പിക്കുന്നതിനും ഫിന്‍ടെക് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ മാറ്റത്തിന് യോജിച്ച നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ്, പ്രോഡക്ട് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവ സാധ്യമാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിസിസികളിലൂടെ വലിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്പനികള്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനാല്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബജറ്റില്‍ വലിയ പ്രാധാന്യം ലഭിച്ചെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT