News & Views

കെ സോട്ടോ മൃതസഞ്ജീവനിയായി; രാജഗിരിയില്‍ സഹോദരങ്ങള്‍ക്ക് പുതുജീവന്‍

ഇതേ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അക്ഷയുടെ സഹോദരന്‍ അനന്ദുവിന്റേയും വൃക്ക മാറ്റിവെച്ചിരുന്നു. രണ്ടുപേര്‍ക്കും വൃക്ക ലഭിച്ചത് കെ സോട്ടോ വഴിയാണ്

Dhanam News Desk

മരണാനന്തര അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ കെ സോട്ടോയ്ക്ക് നന്ദി പറയുകയാണ് ആലുവ മാറമ്പിളളി സ്വദേശി മനോജ്. വീട്ടിലേക്ക് ഒന്നിനു പുറകേ ഒന്നായി കയറി വന്ന വൃക്കരോഗത്തില്‍ നിന്ന് തന്റെ രണ്ടുമക്കളെയും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നതിനുള്ള കടപ്പാട്.

മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ വൃക്കകളിലൊന്ന് തുന്നിചേര്‍ത്ത ആലുവ മാറമ്പിളളി സ്വദേശി അക്ഷയ് സുഖപ്രാപിക്കുമ്പോള്‍ അത് മൃതസഞ്ജീവനി പദ്ധതിയുടെ വിജയം കൂടിയായി മാറുന്നു. അവയവദാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ബില്‍ജിത്തിന് സര്‍ക്കാര്‍ ആദരമൊരുക്കുകയും ചെയ്തു.

ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അക്ഷയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. ആല്‍പോര്‍ട്ട് സിന്‍ഡ്രോം എന്ന ജനിതക രോഗത്തെ തുടര്‍ന്ന് വൃക്ക തകരാറിലായ അക്ഷയ്, കഴിഞ്ഞ എട്ട് വര്‍ഷമായി വൃക്ക മാറ്റിവെക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇതേ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അക്ഷയുടെ സഹോദരന്‍ അനന്ദുവിന്റേയും വൃക്ക മാറ്റിവെച്ചിരുന്നു. രണ്ടുപേര്‍ക്കും വൃക്ക ലഭിച്ചത് കെ സോട്ടോ വഴിയാണ്.

വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 2017 ല്‍ മൃതസഞ്ജീവനിയില്‍ പേര് നല്‍കി കാത്തിരിക്കുകയായിരുന്നു അക്ഷയ്. ഇതിനിടെ 2022 ല്‍ സഹോദരന്‍ അനന്ദുവിനും രോഗം സ്ഥിരീകരിച്ചു. പേര് നല്‍കി കാത്തിരിക്കവെ രണ്ട് വര്‍ഷം തികയും മുന്‍പ് മൃതസഞ്ജീവനി വഴി അനന്ദുവിന് വൃക്ക ലഭിച്ചു. എട്ടുവര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ അക്ഷയ്ക്ക് പുതുജീവനിലേക്ക് വഴി തുറന്നത്.

രാജഗിരി നെഫ്രോളജി വിഭാഗം ഡോ. ജോസ് തോമസ്, യൂറോളജി വിഭാഗത്തിലെ ഡോ. ബാലഗോപാല്‍ നായര്‍, ഡോ. തരുണ്‍ ബി കെ, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ബിജു ചന്ദ്രന്‍, അനസ്‌തേഷ്യ വിഭാഗം ഡോ. ജോജി ആന്റണി എന്നിവരുടെ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT