News & Views

രണ്ടാംപാദത്തില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ച, കാന്‍ഡിയര്‍ നേട്ടം 127%; കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് ഉണര്‍വ്

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയില്‍ പുതുതായി 15 ഷോറൂമുകള്‍ പുതുതായി തുറക്കാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടെണ്ണം മിഡില്‍ ഈസ്റ്റിലും. ഇക്കാലയളവില്‍ 15 പുതിയ കാന്‍ഡിയര്‍ ഔട്ട്‌ലെറ്റുകളും രാജ്യത്ത് തുറന്നു

Dhanam News Desk

രണ്ടാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ട് കല്യാണ്‍ ജുവലേഴ്‌സ്. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 30 ശതമാനം വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചു. ആഗോള തലത്തില്‍ സ്വര്‍ണവില അടിക്കടി ഉയരുമ്പോഴും മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചതെന്നത് ശ്രദ്ധേയമാണ്.

കല്യാണ്‍ ജുവലേഴ്‌സിന്റെ ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ കാന്‍ഡിയറില്‍ നിന്നുള്ള വരുമാനം 127 ശതമാനം വര്‍ധിച്ചു. അടുത്തിടെ കാന്‍ഡിയറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നുണ്ട് കമ്പനി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം സമാനപാദത്തില്‍ കമ്പനിയുടെ വളര്‍ച്ച 16 ശതമാനമായിരുന്നു. ഈ സ്ഥാനത്തു നിന്ന് 31 ശതമാനത്തിലേക്ക് കുതിക്കാന്‍ സഹായിച്ചത് ഉത്സവകാല വില്പനയും വിവാഹ മാര്‍ക്കറ്റില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിച്ചതുമാണ്.

അന്താരാഷ്ട്ര ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനത്തില്‍ 17 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, മിഡില്‍ ഈസ്റ്റ് ബിസിനസില്‍ വളര്‍ച്ച 10 ശതമാനമായി. കല്യാണിന്റെ മൊത്തം വരുമാനത്തിന്റെ 12 ശതമാനം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നാണ്.

ഷോറൂമുകളുടെ എണ്ണം വര്‍ധിച്ചു

രണ്ടാംപാദത്തില്‍ ഓണ്‍ലൈന്‍ ബിസിനസില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച രേഖയില്‍ കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയില്‍ പുതുതായി 15 ഷോറൂമുകള്‍ പുതുതായി തുറക്കാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടെണ്ണം മിഡില്‍ ഈസ്റ്റിലും. ഇക്കാലയളവില്‍ 15 പുതിയ കാന്‍ഡിയര്‍ ഔട്ട്‌ലെറ്റുകളും രാജ്യത്ത് തുറന്നു.

കല്യാണ്‍ ജുവലേഴ്‌സിന് ആഗോളതലത്തില്‍ 436 ഷോറൂമുകളുണ്ട്. ഇതില്‍ 300 എണ്ണം ഇന്ത്യയിലാണ്. 38 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലും രണ്ടെണ്ണം യുഎസിലുമാണ്. കാന്‍ഡിയര്‍ ഷോറൂമുകള്‍ ആകെ 96. ദീപാവലിക്ക് മുമ്പ് പുതുതായി 15 ഷോറൂമുകള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഓഹരികളില്‍ ഉണര്‍വ്

പാദ ഫലസൂചനകള്‍ പുറത്തുവന്നത് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളിലും പ്രതിഫലിച്ചു. ഇന്നലെ 1.20 ശതമാനം താഴ്ചയിലായിരുന്ന ഓഹരിവില ഇന്ന് 0.61 ശതമാനത്തിലധികം വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,045 കോടി രൂപ വരുമാനവും 714 കോടി രൂപ ലാഭവും നേടാന്‍ കല്യാണ്‍ ജുവലേഴ്‌സിന് സാധിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT