News & Views

തുറന്നത് 25 ഷോറൂമുകള്‍, വരുമാനത്തില്‍ 37 ശതമാനം വളര്‍ച്ച, തകര്‍ച്ചയില്‍ നിന്നും ലാഭത്തിലേക്ക് കയറി കല്യാണ്‍ ജുവലേഴ്‌സ് ഓഹരി

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 170 ഷോറൂമുകള്‍ കൂടി തുറക്കുമെന്നും കല്യാണ്‍ ജുവലേഴ്‌സ്

Dhanam News Desk

നാലാം പാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ കല്യാണ്‍ ജുവലേഴ്സ് ലിമിറ്റഡിന്റെ ഓഹരികള്‍ക്ക് കനത്ത നഷ്ടമുണ്ടായെങ്കിലും വ്യാപാരാന്ത്യം നേട്ടത്തിലായി. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ നഷ്ടത്തിലായിരുന്ന ഓഹരികള്‍ വൈകുന്നേരത്തോടെയാണ് നേട്ടത്തിലേക്ക് മാറിയത്. 3.90 രൂപ കയറി 491.05 രൂപയെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കും ഓഹരി വിലയെ പിടിച്ചു നിര്‍ത്താനായിരുന്നില്ല. വിപണിയെ മൊത്തത്തില്‍ ബാധിച്ച തകര്‍ച്ചയാണ് വിനയായത്. എന്നാല്‍ വൈകുന്നേരത്തോടെ ഓഹരി ലാഭത്തിലായി. ഓഹരിയൊന്നിന് 492 രൂപയിലെത്തിയ ശേഷമാണ് 491.05 രൂപയില്‍ ക്ലോസ് ചെയ്തത്.

തുറന്നത് 25 ഷോറൂമുകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഇന്ത്യയിലാകെ 25 പുതിയ ഷോറൂമുകള്‍ തുറന്നതായി കല്യാണ്‍ ജുവലേഴ്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലിലെ ആദ്യ ആഴ്ചയില്‍ മൂന്ന് ഷോറൂമുകള്‍ കൂടി തുറന്നു. ഇന്ത്യയിലെ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനയുണ്ട്. വിവാഹ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഗുണമായത്. സെയിം സ്‌റ്റോര്‍ സെയില്‍സ് വളര്‍ച്ചയില്‍ 21 ശതമാനം വര്‍ധനയുണ്ടായി.

ഗള്‍ഫിലും വളര്‍ച്ച

മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വരുമാനത്തിലും മികച്ച വളര്‍ച്ച നേടിയതായി കമ്പനി പറയുന്നു. നാലാം പാദത്തില്‍ മിഡില്‍ ഈസ്റ്റിലെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനയുണ്ട്. നാലാം പാദത്തിലെ സംയോജിത വരുമാനത്തില്‍ 12 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവയാണ്.

കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ക്യാന്‍ഡിയര്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം നേട്ടമുണ്ടാക്കി. നാലാം പാദത്തില്‍ ക്യാന്‍ഡിയറിന്റെ 14 പുതിയ ഷോറൂമുകള്‍ തുറന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കൊല്ലം തുറക്കുന്നത് 170 ഷോറൂമുകള്‍

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2025-2026) കല്യാണ്‍-ക്യാന്‍ഡിയര്‍ ഫോര്‍മാറ്റുകളില്‍ 170 ഷോറൂമുകളാണ് കല്യാണ്‍ ജുവലേഴ്‌സ് പുതുതായി തുറക്കാന്‍ ലക്ഷ്യമിടുന്നത്. തെക്കെ ഇന്ത്യ ഒഴികെയുള്ള ഭാഗങ്ങളിലായി 75 കല്യാണ്‍ ഷോറൂമുകളും (ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ്/foco) തെക്കേ ഇന്ത്യയിലും വിദേശത്തുമായി 15 കല്യാണ്‍ ഷോറൂമുകളും തുറക്കാന്‍ പദ്ധതിയുണ്ട്. ഇവയില്‍ അഞ്ചെണ്ണം വമ്പന്‍ ഫ്‌ളാഗ്ഷിപ്പ് കല്യാണ്‍ ഷോറൂമുകളാണ്. രാജ്യത്ത് 80 ക്യാന്‍ഡിയര്‍ ഷോറൂമുകളും തുറക്കും. നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി 388 ഷോറൂമുകളാണ് കല്യാണ്‍ ജുവലേഴ്‌സിനുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT