News & Views

ആദ്യദിനം 60 കോടി പിന്നിട്ട് കാന്താര! 300 കോടി ക്ലബിനരികെ ലോക; തീയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരുടെ തിരിച്ചുവരവ്

ലോക 35 ദിവസംകൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ഈ നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോളതലത്തില്‍ കണ്ട മലയാള സിനിമയായി കല്യാണി പ്രിയദര്‍ശന്റെ ചിത്രം മാറി.

Dhanam News Desk

സിനിമ, തീയറ്റര്‍ വ്യവസായത്തിന് പുത്തന്‍ ഉണര്‍വേകി റിലീസിംഗ് ചിത്രങ്ങളുടെ മിന്നും പ്രകടനം. ഓണത്തിന് തീയറ്ററിലെത്തിയ മലയാള ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ കന്നഡയില്‍ നിന്നെത്തിയ കാന്താര ചാപ്റ്റര്‍-1 ഹിറ്റിലേക്ക് കുതിക്കുകയാണെന്ന സൂചന നല്കിയത് തീയറ്ററുകള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഓണത്തിന് റിലീസ് ചെയ്ത ലോക ചാപ്റ്റര്‍-1 ചന്ദ്ര ഇപ്പോഴും ഭേദപ്പെട്ട കളക്ഷനോടെ പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ കാന്താര കൂടെയെത്തിയത് തീയറ്റര്‍ വ്യവസായത്തിന് പിടിവള്ളിയാകും.

ഗാന്ധിജയന്തി ദിനത്തില്‍ റിലീസ് ചെയ്ത കാന്താര ആദ്യ ദിവസം നേടിയത് 60 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷനാണ്. കേരളത്തില്‍ നിന്നടക്കം വലിയ സ്വീകാര്യത നേടാന്‍ ചിത്രത്തിന് സാധിച്ചു. 125 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. പാന്‍ ഇന്ത്യ തലത്തില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ കാന്താര ചാപ്റ്റര്‍ വണ്ണിന് സാധിക്കുന്നുണ്ട്.

ആദ്യ ദിനം ഹിന്ദി വേര്‍ഷന്റെ കളക്ഷന്‍ 21 കോടി രൂപയ്ക്കടുത്താണ്. യാഷിന്റെ കെജിഎഫ്; ചാപ്റ്റര്‍ ടുവിന് ശേഷം ഒരു കന്നഡ ചിത്രത്തിന് ഹിന്ദിയില്‍ ലഭിക്കുന്ന ഉയര്‍ന്ന ഓപ്പണിംഗ് ഡേ കളക്ഷനാണ് കാന്താരയ്ക്ക് കിട്ടിയത്. കെജിഎഫിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ 54 കോടി രൂപയായിരുന്നു. ബെംഗളൂരു മേഖലയില്‍ മാത്രം ആദ്യദിനം 1021 ഷോകളാണ് കാന്താര കളിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ ആദ്യദിനം നടന്നത് കൊച്ചിയിലാണ്. 175 ഷോകള്‍. ഹൗസ്ഫുള്‍ ആയിരുന്നു ഒട്ടുമിക്ക ഷോകളും.

ഓണം റിലീസായി തീയറ്ററിലെത്തിയ കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോക ഇപ്പോഴും ട്രെന്റ് സെറ്ററായി തീയറ്ററിലുണ്ട്. റിലീസ് ചെയ്ത് 36മത്തെ ദിനത്തിലും പ്രതിദിന കളക്ഷന്‍ ഒരു കോടിക്ക് മുകളിലാണ്. മലയാളത്തില്‍ സമീപകാലത്ത് ഒരു ചിത്രത്തിനും ഈ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ലോകയുടെ ടോട്ടല്‍ കളക്ഷന്‍ 296 കോടി രൂപ കടന്നു. ഈയാഴ്ച്ച തന്നെ 300 കോടി ക്ലബിലേക്കും ചിത്രമെത്തും. ഇന്ത്യയില്‍ നിന്ന് ഇതുവരെ 177 കോടി രൂപയും ഓവര്‍സീസ് 118 കോടി രൂപയുമാണ് കളക്ട് ചെയ്തത്.

ചരിത്രത്തില്‍ ഇടംപിടിച്ച് ലോക

ലോക 35 ദിവസംകൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ഈ നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോളതലത്തില്‍ കണ്ട മലയാള സിനിമയായി കല്യാണി പ്രിയദര്‍ശന്റെ ചിത്രം മാറി. കേരള തീയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായും ലോക ചരിത്രം കുറിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പന്‍ തരംഗമായി മാറി. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ 'ലോക' മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി.

Kannada film Kantara and Malayalam blockbuster Lokha revive Indian theatres with record-breaking box office collections

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT