Image created using ChatGpt , representational image  
News & Views

ട്രെയിനിൽ പോകാം, ഭൂമിയിലെ സ്വർഗം കാണാൻ! കന്യാകുമാരി-കാശ്മീര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ വരുന്നു

വിമാനത്താവളത്തിലേത് പോലെ സുരക്ഷാ പരിശോധന, തണുപ്പിനെ നേരിടാന്‍ ട്രെയിനുകളില്‍ പ്രത്യേക സംവിധാനം

Dhanam News Desk

കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്. കാശ്മീര്‍ താഴ്‌വരയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. ഇതിന് മുന്നോടിയായി ജമ്മു-കാശ്മീര്‍ റൂട്ടില്‍ അഞ്ച് എ.സി സ്ലീപ്പര്‍, വന്ദേഭാരത് ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്. 

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 383 കിലോമീറ്റര്‍ നീളത്തിലുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്. ഇതില്‍ 65 കിലോമീറ്റര്‍ വരുന്ന കത്ര-സങ്കല്‍ദന്‍ ഭാഗത്തെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്‍ജി ഖഡ് പാലമടക്കമുള്ള 17 കിലോമീറ്റര്‍ ഭാഗത്താണ് ഇനി സുരക്ഷാ പരിശോധന നടത്തേണ്ടത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയിലെ 17 കിലോമീറ്റര്‍ നീളമുള്ള കത്ര-റിയാസി സ്‌ട്രെച്ചില്‍ ജനുവരി അഞ്ചിന് സുരക്ഷാ പരിശോധന നടത്താനാണ് റെയില്‍വേ തീരുമാനം. ഇതോടെ ശ്രീനഗറിലേക്ക് രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും. ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളത്തിലെ പരിശോധന

പുതിയ ട്രെയിന്‍ സര്‍വീസ് കടുത്ത സുരക്ഷാ വലയത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് ഓരോ സ്‌റ്റേഷനുകളില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേത് പോലുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടി വരും. ഇതിനായി പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങള്‍, ലഗേജ് എന്നിവക്കൊപ്പം ദേഹപരിശോധനയും ഉണ്ടാകുമെന്നാണ് സൂചന. കാശ്മീരിലെ കാലാവസ്ഥ കണക്കിലെടുത്ത് ഹീറ്റിംഗ് സംവിധാനവും ട്രെയിനുകളിലുണ്ടാകും.

വിസ്മയിപ്പിക്കുന്ന പാലങ്ങള്‍

മനുഷ്യന് അസാധ്യമെന്ന് തോന്നിക്കുന്ന പല പാലങ്ങളും ഈ റെയില്‍ പാതയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. കത്ര - റിയാസി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ട് ടണലുകള്‍ക്കിടയിലാണ് 473.354 മീറ്റര്‍ നീളത്തില്‍ അന്‍ജി ഖഡ് പാലം നിര്‍മിച്ചിരിക്കുന്നത്. 96 കേബിളുകളാണ് പാലത്തിന് ബലമേകുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലവും ഈ പാതയിലാണുള്ളത്. ഈഫല്‍ ടവറിനേക്കാളും ഉയരത്തിലുള്ള ചെനാബ് പാലം 14,000 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.

പുതിയ പ്രതീക്ഷ

ജമ്മുവിലെ അവസാന റെയില്‍വേ സ്റ്റേഷനായ ശ്രീ മാതാ വൈഷ്‌ണോ ദേവിയിലേക്ക് നിലവില്‍ കന്യാകുമാരിയില്‍ നിന്നും ഹിമസാഗര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. 3,127 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 54 മണിക്കൂറും 40 മിനിറ്റും എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരായില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിലേക്ക് പുതിയൊരു സര്‍വീസ് തുടങ്ങുന്നത് ഇരുപ്രദേശങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയൊരു ഉണര്‍വാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT