വ്യവസായിയായ സഞ്ജയ് കപൂറിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന സ്വത്തുതര്‍ക്കം മറ്റൊരു തലത്തിലേക്ക്. സഞ്ജയുടെ അമ്മ റാണിയും മൂന്നാംഭാര്യ പ്രിയ സച്ച്‌ദേവ് കപൂറും തമ്മിലുള്ള തര്‍ക്കത്തിലേക്കാണ് ആദ്യ ഭാര്യയായിരുന്ന ബോളിവുഡ് താരം കരീഷ്മ കപൂറിന്റെ മക്കളും വരുന്നത്.
30,000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള സഞ്ജയുടെ സ്വത്തിന്റെ ഒരു പങ്കിന് തങ്ങളും അവകാശികളാണെന്ന് കാണിച്ച് കരീഷ്മയുടെ മക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കരീന-സഞ്ജയ് ദമ്പതികളുടെ രണ്ട് മക്കളാണ് കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നത്.
തങ്ങള്‍ക്ക് അവകാശപ്പെട്ട പിതൃസ്വത്തിന്റെ വിഹിതം പ്രിയ കപൂര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും ഇത് തിരിച്ചുകിട്ടാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള പൂര്‍ണവിവരം തങ്ങളോട് മറച്ചുവച്ചതായി കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ പോളോ കളിക്കുന്നതിനിടെയാണ് ലണ്ടനില്‍വച്ച് സഞ്ജയ് കപൂര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുശേഷം കമ്പനിയുടെ നിയന്ത്രണം പ്രിയ കപൂറിന്റെ കൈവശമാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയായ സോന കോംസ്റ്റാര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. കമ്പനിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) സഞ്ജയ് കപൂറിന്റെ മാതാവ് റാണി നോട്ടീസ് അയച്ചിരുന്നു. തന്റെ അനുമതിയില്ലാതെ മരുമകള്‍ പ്രിയയും ഡയറക്ടര്‍ ബോര്‍ഡിലെ ചിലരും പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിച്ചിരുന്നു.
2003-ലാണ് സഞ്ജയ് കരീഷ്മ കപൂറിനെ വിവാഹം ചെയ്തത്. ഈ ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2014-ല്‍ അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2016ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.
വിവാഹമോചന സമയത്ത് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കരീഷ്മയ്ക്കും മക്കള്‍ക്കും സഞ്ജയ് നീക്കിവെച്ചിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള ജീവനാംശ കരാര്‍ പ്രകാരം കരിഷ്മയ്ക്ക് സഞ്ജയുടെ പിതാവിന്റെ മുംബൈയിലെ വീടും രണ്ട് കുട്ടികളുടെയും പൂര്‍ണ്ണ കസ്റ്റഡിയും ലഭിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine