Image courtesy: Karnataka State Road Transport Corporation 
News & Views

കർണാടകത്തിലും 'ആനവണ്ടി' നഷ്ടത്തിൽ; വനിതകളുടെ സൗജന്യ യാത്രയാണോ കാരണം?

സിദ്ധരാമയ്യ സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ശക്തി പദ്ധതി

Dhanam News Desk

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പദ്ധതിയാണോ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ (കെ.എസ്.ആർ.ടി.സി) നഷ്ടത്തിലാക്കിയത്? സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ വന്‍ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്.

ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ എസ്.ആർ ശ്രീനിവാസ് പറഞ്ഞു. ബസ് സർവീസുകൾ അത്യാവശ്യമാണ്. ഒരു ബസ് ഡ്രൈവർ വന്നില്ലെങ്കിൽ, ഒരു ഗ്രാമത്തിന് അന്നത്തെ യാത്ര നഷ്‌ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകാം.

യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി രക്ഷപ്പെടില്ലെന്നും ശ്രീനിവാസ് പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം ബസ് ചാർജുകൾ വർധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനിച്ചു.

2024 ജൂൺ 11 ന് ആദ്യ വർഷം തികയുന്ന സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ശക്തി പദ്ധതി. കഴിഞ്ഞ 10 വർഷമായി കോർപ്പറേഷന്‍ ബസ് നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാൻ രാജു കഗെ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT