News & Views

ടൂറിസത്തെ കൂട്ടുപിടിക്കാന്‍ കേരള ക്രിക്കറ്റ്; കളിയില്ലാത്ത സമയത്തും വരുമാനം ലഭിക്കുന്ന യൂറോപ്യന്‍ 'ഡെസ്റ്റിനേഷന്‍ സ്റ്റേഡിയം' മോഡലുമായി കെസിഎ

യൂറോപ്പില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ സ്റ്റേഡിയങ്ങളെ മത്സരവേദികളില്‍ ഒതുക്കാതെ കായികം, ഹോസ്പിറ്റാലിറ്റി, വിനോദം, വെല്‍നെസ് എന്നിവ സംയോജിപ്പിച്ച സമഗ്ര കേന്ദ്രങ്ങളാക്കി മാറ്റുന്ന മാതൃകകള്‍ നിരവധിയുണ്ട്

Lijo MG

കേരള ക്രിക്കറ്റ് പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മാതൃകയില്‍ ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് മൂന്നു സീസണ്‍ പിന്നിട്ടു. ആദ്യ സീസണുകളിലെ പോരായ്മകള്‍ മാറി ലീഗ് ലാഭത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒട്ടുമിക്ക ടീമുകളും ബ്രേക്ക് ഈവണ്‍ ആകുമെന്നാണ് പ്രതീക്ഷ. ബിസിസിഐ ഗ്രാന്റുകളെ ആശ്രയിക്കാതെ തനത് വരുമാനം കണ്ടെത്താനുള്ള പദ്ധതികളുമായി കെസിഎ മുന്നോട്ടു പോകുകയാണ്.

സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാന്‍

അടുത്തിടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) നിക്ഷേപ സംഗമം സംഘടിപ്പിച്ചിരുന്നു. കെസിഎയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ വിവിധ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ക്ലബ് ഹൗസ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2026 എന്നപേരില്‍ സംഗമം സംഘടിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വന്‍കിട കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്.

വായ്പകളെ ആശ്രയിക്കാതെ സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ സ്പോര്‍ട്സ്-ലൈഫ്സ്‌റ്റൈല്‍ കേന്ദ്രങ്ങളാക്കി ഗ്രൗണ്ടുകളെ മാറ്റാനാണ് പദ്ധതി. ലുലുഗ്രൂപ്പ്, രവിപിള്ള ഗ്രൂപ്പ്, അസറ്റ് ഹോംസ് തുടങ്ങി മുന്‍നിര കമ്പനികള്‍ പദ്ധതിയില്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ തൈക്കാട്, മംഗലപുരം എന്നിവിടങ്ങളിലാകും പദ്ധതി നടപ്പിലാക്കുക.

പതിറ്റാണ്ടുകളായി ക്രിക്കറ്റിന്റെ വികസനത്തിനായാണ് കെസിഎ പ്രധാനമായും നിക്ഷേപങ്ങള്‍ നടത്തിയത്. ഈ നിക്ഷേപങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അടിത്തറ ഉപയോഗിച്ച്, ക്രിക്കറ്റ് വികസനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതല്‍ വലിയ മൂല്യം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
അഡ്വ. ശ്രീജിത്ത് വി. നായര്‍, കെസിഎ പ്രസിഡന്റ്

യൂറോപ്യന്‍ മാതൃക

യൂറോപ്പില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ സ്റ്റേഡിയങ്ങളെ മത്സരവേദികളില്‍ ഒതുക്കാതെ കായികം, ഹോസ്പിറ്റാലിറ്റി, വിനോദം, വെല്‍നെസ് എന്നിവ സംയോജിപ്പിച്ച സമഗ്ര കേന്ദ്രങ്ങളാക്കി മാറ്റുന്ന മാതൃകകള്‍ നിരവധിയുണ്ട്. ഇംഗ്ലണ്ടിലെ ഹാംഷെയര്‍ ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ Utilita Bowl ഒരു ഉദാഹരണമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനൊപ്പം 171 മുറികളുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍, സ്പാ, ജിം, വെല്‍നെസ് സെന്റര്‍, 18 ഹോള്‍ ഗോള്‍ഫ് കോഴ്സ്, റെസ്റ്റോറന്റ്, വിവാഹ-കോര്‍പറേറ്റ് ഇവന്റ് സൗകര്യങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി 12 മാസവും വരുമാനം കണ്ടെത്താന്‍ സാധിക്കുന്നു.

ഫുട്ബോളിലും സമാനമായ മാതൃകകള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ലണ്ടനിലെ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്‌റ്റേഡിയം ഫുട്ബോളിന് പുറമെ റഗ്ബി, ബോക്‌സിംഗ്, സംഗീത പരിപാടികള്‍, ഇലക്ട്രിക് കാര്‍ട്ടിംഗ്, സ്റ്റേഡിയം ടൂറുകള്‍, സ്‌കൈവാക്ക്, കോര്‍പറേറ്റ് പരിപാടികള്‍ എന്നിവയ്ക്ക് വേദിയാകുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ അരീന, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഫാന്‍ സോണ്‍, മ്യൂസിയം, ഫുട്ബോള്‍ അക്കാദമി, ഹെല്‍ത്ത് ആന്‍ഡ് പെര്‍ഫോമന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയോജിപ്പിച്ച വിനോദ കേന്ദ്രമായാണ് നടത്തുന്നത്. മത്സരദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ മാത്രം ആശ്രയിക്കാതെ ഹോട്ടല്‍, ഭക്ഷണം, വെല്‍നെസ്, വിനോദം, ടൂറിസം, കോര്‍പറേറ്റ് ഇവന്റുകള്‍ എന്നിവയിലൂടെ വര്‍ഷം മുഴുവന്‍ വരുമാനം നേടുകയാണ് ഇത്തരം 'ഡെസ്റ്റിനേഷന്‍ സ്റ്റേഡിയം' മാതൃകകളുടെ ലക്ഷ്യം.

കേരളത്തിനും സാധ്യതയേറെ

യൂറോപ്യന്‍ മോഡലിലുള്ള ഡെസ്റ്റിനേഷന്‍ സ്‌റ്റേഡിയം പ്രോജക്ടുകള്‍ കേരളത്തിലും നടപ്പിലാക്കാവുന്നതേയുള്ളുവെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ ടൂറിസം മേഖലകളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി സ്ഥലവും സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. ഇവിടങ്ങളില്‍ യൂറോപ്യന്‍ മോഡല്‍ സംവിധാനം ഒരുക്കുകയെന്നത് വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ടൂറിസം സെന്ററുകളിലായതിനാല്‍ സ്വകാര്യ സംരംഭകര്‍ക്കും താല്‍പര്യം ഏറെയാണ്.

വയനാട് കൃഷ്ണഗിരിയിലെ സ്‌റ്റേഡിയം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങളുടെ പ്രശംസയേറ്റു വാങ്ങിയതാണ്. കുന്നിന്‍മുകളിലെ മനോഹരമായ പ്രദേശത്ത് നിര്‍മിച്ച ഈ സ്റ്റേഡിയം കാണാന്‍ സഞ്ചാരികള്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ട്. ക്ലബ് ഹൗസ് പദ്ധതി ഇവിടേക്ക് കൂടി വ്യാപിപ്പിച്ചാല്‍ അത് ക്രിക്കറ്റ് ബിസിനസിന് നേട്ടമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT