meitra hospital 
News & Views

വികസനക്കുതിപ്പിന് മെയ്ത്ര ഹോസ്പിറ്റല്‍, ഓഹരികള്‍ സ്വന്തമാക്കി കെകെആര്‍; കോഴിക്കോട് മുതല്‍ തൊടുപുഴ വരെ ആഗോള വമ്പന്റെ മൂന്നാമത്തെ നിക്ഷേപം

കെകെആര്‍ ഗ്രൂപ്പിന്റെ നിക്ഷേപം വരുമ്പോഴും ചെയര്‍മാന്‍ സ്ഥാനത്ത് ഫൈസല്‍ കൊട്ടിക്കോളന്‍ തുടരും

Dhanam News Desk

മലബാറിലെ ആരോഗ്യരംഗത്തെ മുന്‍നിരക്കാരായ മെയ്ത്ര ഹോസ്പിറ്റലിന്റെ ഓഹരികള്‍ സ്വന്തമാക്കി ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍. തന്ത്രപരമായ പങ്കാളിത്തമാണ് മെയ്ത്രയ്ക്ക് കെകെആറുമായി ഉണ്ടാകുക. ഇന്ത്യയിലെ ആരോഗ്യരംഗത്ത് ലോകോത്തര സേവനങ്ങള്‍ ലാഭ്യമാക്കുകയെന്ന മെയ്ത്രയുടെ സ്വപ്‌നങ്ങള്‍ക്ക് വേഗം പകരാന്‍ ഈ കൂട്ടുകെട്ട് വഴിയൊരുക്കും.

അടുത്തിടെ മാക്‌സ് ഹെല്‍ത്ത്‌കെയറില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച കെകെആര്‍ ദക്ഷിണേന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനെ ഏറ്റെടുത്ത കമ്പനി കഴിഞ്ഞ വര്‍ഷം തൊടുപുഴയിലുള്ള ചാഴികാട്ട് ഹോസ്പിറ്റലും സ്വന്തമാക്കിയിരുന്നു.

1,200 കോടി രൂപയ്ക്കടുത്ത് വിപണിമൂല്യമുള്ള മെയ്ത്രയില്‍ എത്രത്തോളം നിക്ഷേപമാണ് കെകെആര്‍ നടത്തുകയെന്നത് വ്യക്തമല്ല. മലയാളി സംരംഭകരിലെ ക്രാന്തദര്‍ശിയായ കെ.ഇ.എഫ് ഹോള്‍ഡിംഗ്‌സിന്റെ ഫൈസല്‍ കൊട്ടിക്കോളന്‍ 2012ല്‍ സ്ഥാപിച്ചതാണ് മെയ്ത്ര ഹോസ്പിറ്റല്‍. എല്ലാ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള മെയ്ത്ര കേരളത്തിലെ മുന്‍നിര ഹോസ്പിറ്റലുകളിലൊന്നാണ്.

4,50,000 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള മെയ്ത്രയില്‍ 220 മുറികളാണുള്ളത്. 8 അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകളും 52 ഐസിയു യൂണിറ്റുകളും ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളുമുണ്ട്. ദക്ഷിണേന്ത്യയില്‍ മെയ്ത്രയുടെ നാല് പുതിയ ശാഖകള്‍ തുടങ്ങാനും മെയ്ത്രയ്ക്ക് പദ്ധതിയുണ്ട്. പുതിയ ഓങ്കോളജി വിഭാഗത്തിന്റെ തറക്കല്ലിടല്‍ അടുത്ത മാസം നടക്കും.

ഫൈസല്‍ കൊട്ടിക്കോളന്‍ തുടരും

കെകെആര്‍ ഗ്രൂപ്പിന്റെ നിക്ഷേപം വരുമ്പോഴും ചെയര്‍മാന്‍ സ്ഥാനത്ത് ഫൈസല്‍ കൊട്ടിക്കോളന്‍ തുടരുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്‍നിരയിലേക്ക് ഉയരാനും മറ്റ് പ്രദേശങ്ങളിലേക്ക് മെയ്ത്രയെ വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഫൈസല്‍ കൊട്ടിക്കോളന്‍ നേതൃത്വം നല്കും.

അത്യാധുനിക ഓങ്കോളജി സെന്റര്‍ സ്ഥാപിക്കുന്നതിനൊപ്പം നിലവിലെ ഹോസ്പിറ്റലിന്റെ ശേഷി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ആരോഗ്യ രംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. മെഡിക്കല്‍ ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കെകെആറിന്റെ നിക്ഷേപത്തിലൂടെ മെയ്ത്രയ്ക്ക് സാധിക്കും.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ രീതികളും അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട്ടേക്ക് എത്തിക്കുക എന്ന സ്വപ്നത്തോടെയാണ് മെയ്ത്ര ഹോസ്പിറ്റല്‍ സ്ഥാപിതമായത്. കെകെആറുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഈ നേട്ടത്തിലേക്കുള്ള മെയ്ത്രയുടെ യാത്രയ്ക്ക് വേഗംകൂട്ടും.

കെകെആറിന്റെ കേരള ബന്ധം

2024ലാണ് കെകെആര്‍ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ 70 ശതമാനം ഓഹരികളും അവര്‍ സ്വന്തമാക്കി. ഏകദേശം 300 മില്യണ്‍ ഡോളറിനായിരുന്നു ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തത്. തൊട്ടുപിന്നാലെ തൊടുപുഴയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന ചാഴികാട്ട് ഹോസ്പിറ്റലും ഏറ്റെടുത്തു. 1933ല്‍ സ്ഥാപിതമായ ഈ ആശുപത്രി ഇപ്പോള്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നാണ് അറിയപ്പെടുന്നത്.

KKR acquires stake in Meitra Hospital, strengthening global healthcare investments in Kerala

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT