News & Views

650ല്‍ 411 സീറ്റും തൂത്തുവാരി, എന്നിട്ടും രണ്ടുവര്‍ഷം പോലും തികയ്ക്കാനായില്ല; പ്രധാനമന്ത്രി വാഴാത്ത ബ്രിട്ടനില്‍ സ്റ്റാര്‍മറും പുറത്ത്

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറു പ്രധാനമന്ത്രിമാരാണ് ബ്രിട്ടനില്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയത്.

Dhanam News Desk

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച് കെയ്ര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ലേബര്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനത്തു നിന്നും പിന്മാറുകയാണെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജൂലൈയില്‍ അധികാരത്തിലെത്തിയ അദ്ദേഹത്തിന് രണ്ടുവര്‍ഷം പോലും തികയ്ക്കും മുമ്പാണ് പടിയിറങ്ങേണ്ടി വന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറു പ്രധാനമന്ത്രിമാരാണ് ബ്രിട്ടനില്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയത്. ഇതില്‍ സ്റ്റാര്‍മര്‍ക്കും അദ്ദേഹത്തിന്റെ മുന്‍ഗാമി റിഷി സുനകിനും രണ്ടുവര്‍ഷം മാത്രമാണ് അധികാരത്തില്‍ തുടരാനായത്. തെരേസ മെയ്, ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ മൂന്നുവര്‍ഷം വീതം രാജ്യത്തെ നയിച്ചു. ലിസ് സ്ട്രസിന് ഒരുവര്‍ഷം മാത്രമാണ് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്.

പുറത്തുപോക്കിന് കാരണങ്ങള്‍ പലത്

2024ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 650 അംഗ പാര്‍ലമെന്റില്‍ 411 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടിയും സ്റ്റാര്‍മറും അധികാരത്തില്‍ തിരിച്ചെത്തിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വെറും 121 സീറ്റാണ് ലഭിച്ചത്. അധികാരത്തിലെത്തി മാസങ്ങള്‍ക്കകം സ്റ്റാര്‍മറിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. വിമത നീക്കങ്ങള്‍ക്കൊപ്പം ജനപ്രീതി കൂടി ഇടിഞ്ഞതോടെയാണ് അധികാരം കൈവിടാന്‍ അദ്ദേഹം തീരുമാനിച്ചത്.

കുടിയേറ്റ വിരുദ്ധതയും ആഭ്യന്തര സംഘര്‍ഷങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബ്രിട്ടന്റെ പ്രധാന പ്രശ്‌നങ്ങളാണ്. കുടിയേറ്റക്കാര്‍ക്കെതിരേ വലിയ പ്രക്ഷോഭങ്ങള്‍ അടുത്തിടെ രാജ്യത്ത് നടന്നിരുന്നു.

പിന്‍ഗാമിയെ എങ്ങനെ തിരഞ്ഞെടുക്കും?

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതോടെ പുതിയ പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ അടുത്ത ലീഡര്‍ തന്നെയാകും പ്രധാനമന്ത്രിയും. ഈ സ്ഥാനത്തേക്ക് എത്തുന്നതിനുള്ള മത്സരത്തിനായി ആകെയുള്ള ലേബര്‍ പാര്‍ട്ടി എംപിമാരുടെ 20 ശതമാനം പിന്തുണ ആവശ്യമാണ്.

കൂടുതല്‍ പേര്‍ മത്സരരംഗത്തുണ്ടെങ്കില്‍ വോട്ടെടുപ്പിലൂടെയാകും നേതാവിനെ തിരഞ്ഞെടുക്കുക. ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍, പാര്‍ട്ടിയുമായി അഫിലിയേറ്റ് ചെയ്ത ട്രേഡ് യൂണിയനുകളിലെയും സംഘടനകളിലെയും അംഗങ്ങള്‍ എന്നിവര്‍ക്കും വോട്ട് ചെയ്യാം.

പിന്‍ഗാമി ബര്‍ണാം?

പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ പ്രധാനി ആന്‍ഡി ബര്‍ണാം (Andy Burnham) ആണ്. മുന്‍ ഗ്രേറ്റ് മാഞ്ചസ്റ്റര്‍ മേയറാണ് ഈ 56കാരന്‍. അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് അദ്ദേഹം പാര്‍ലമെന്റിലെത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT