vizhinjam port facebook page
News & Views

ത്രികോണത്തിലൂടെ കുതിക്കാന്‍ വിഴിഞ്ഞം, 300 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കും, നല്‍കേണ്ടത് അധിക വില, തിരിച്ചടികള്‍ വേറെയും

വിഴിഞ്ഞം മുതല്‍ കഴക്കൂട്ടം വരെയുള്ള പ്രദേശത്തെ ലോജിസ്റ്റിക്‌സ് ഇടനാഴിയാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ കമ്പനികളൊന്നും വലിയ താത്പര്യം കാണിച്ചില്ല

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി ജില്ലയിലെ അഞ്ചിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ 300 ഏക്കര്‍ ഭൂമി കണ്ടെത്തി. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി പണം നല്‍കി ഏറ്റെടുക്കാനാണ് നീക്കം. ഭൂമി ഉടമകളുമായി ഇക്കാര്യത്തില്‍ ഉടന്‍ കൂടിക്കാഴ്ചകള്‍ നടത്തും. തുറമുഖത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമി കിന്‍ഫ്ര വഴിയാണ് കണ്ടെത്തിയത്.

നല്‍കേണ്ടത് അധിക വില

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. തുറമുഖത്തിന് വേണ്ട അനുബന്ധ സൗകര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ ശേഷവും. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ ഭൂമിക്ക് അമിത വില കൊടുക്കേണ്ട സ്ഥിതിയിലെത്തി. വിഴിഞ്ഞം മുതല്‍ കഴക്കൂട്ടം വരെയുള്ള പ്രദേശത്തെ ലോജിസ്റ്റിക്‌സ് ഇടനാഴിയാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ കമ്പനികളൊന്നും വലിയ താത്പര്യം കാണിച്ചില്ല. ജനുവരിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ദുബായിലെ ഷറഫ് ഗ്രൂപ്പ് 5,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്ത് പ്രഖ്യാപിച്ചിരുന്നു. വ്യവസായ വകുപ്പിന് ഭൂമി കണ്ടെത്താന്‍ കഴിയാത്തതോടെ ഇതുള്‍പ്പെടെ പല പദ്ധതികളും പാതിവഴിയിലാണ്.

ചെക്ക്‌പോസ്റ്റ് ഇല്ലാത്തതും തിരിച്ചടി

തുറമുഖത്തില്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐ.സി.പി) ഇല്ലാത്തതും തിരിച്ചടിയാണെന്ന് വിദഗ്ധര്‍ പറയുന്നു. കപ്പലിലെത്തുന്ന കാര്‍ഗോക്കും ആളുകള്‍ക്കും വേഗത്തില്‍ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഡ്യൂട്ടി കഴിഞ്ഞ കപ്പല്‍ ജീവനക്കാര്‍ക്ക് മടങ്ങാനും പുതിയ ആളുകള്‍ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം എം.എസ്.സി റിക്കുവിലെത്തിയ ഒരു ജീവനക്കാരന് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കേരള മാരിടൈം ബോര്‍ഡിന്റെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലൂടെയാണ് പുറത്തെത്തിച്ചത്. എന്നാല്‍ ചെക്ക്‌പോസ്റ്റിനുള്ള അനുമതി അന്തിമ ഘട്ടത്തിലാണെന്നും അടുത്ത മാസങ്ങളില്‍ തന്നെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുറമുഖ വൃത്തങ്ങള്‍ പ്രതികരിച്ചു.

ത്രികോണത്തിലൂടെ വളരും

മദര്‍ഷിപ്പുകളില്‍ നിന്ന് ചെറിയ കപ്പലുകളിലേക്ക് ചരക്ക് മാറ്റുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് നിലവില്‍ വിഴിഞ്ഞത്ത് പ്രധാനമായും നടക്കുന്നത്. റോഡ് സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ തുറമുഖത്തിന്റെ പൂര്‍ണഗുണഫലങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ പൂര്‍ണസജ്ജമാകുന്നതിനൊപ്പം അനുബന്ധ വ്യവസായങ്ങളും വളരുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണത്തിലൂടെയും വികസനം സാധ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.

Kerala govt plans to acquire 300 acres near Vizhinjam Port for industrial development, even as absence of an integrated check post delays crew sign-offs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT