canva, Facebook / KN Balaghopal , Nirmala Sitharaman
News & Views

കഴുത്തറ്റം കടം! മാസം രണ്ടു കഴിഞ്ഞതേയുള്ളു, കൊച്ചു കേരളത്തിന്റെ കടം ₹10,000 കോടിയില്‍! ഓണത്തിനു മുമ്പേ വായ്പാ പരിധി തീര്‍ന്നേക്കും

ഡിസംബര്‍ വരെ 29,529 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ അനുമതിയുള്ളത്

Dhanam News Desk

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കടപത്രങ്ങളുടെ ലേലം ജൂണ്‍ മൂന്നിന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും.

തുടക്കത്തിലേ 10,000 കോടി

ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ കടം 10,000 കോടി രൂപയായി വര്‍ധിക്കും. ഏപ്രില്‍ മാസത്തില്‍ 2,000 കോടി രൂപ കടമെടുത്താണ് ഇക്കൊല്ലത്തെ തുടക്കം. മെയ് മാസത്തില്‍ 5,000 കോടി രൂപയാണ് കടമെടുത്തത്. മെയ് ആറിന് 1,000 രൂപയും 20,27 തീയതികളില്‍ 2,000 കോടി രൂപ വീതവും സമാഹരിച്ചു. ഇതിന് പിന്നാലെയാണ് ജൂണ്‍ മൂന്നിന് 3,000 കോടി രൂപ കൂടി കടമെടുക്കുന്നത്.

ഓണത്തിന് മുമ്പ് തീരുമോ

ഇക്കൊല്ലം ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഇത് 21,253 കോടി രൂപയാണ്. ഇക്കൊല്ലം 8,276 കോടി രൂപ അധികമുണ്ടെങ്കിലും ഇതില്‍ നിന്നും 3,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വെട്ടല്‍. അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും ഓണത്തിന് മുമ്പ് കേരളത്തിന് അനുവദിച്ച കടപരിധി അവസാനിക്കുമോയെന്നും സംശയമുണ്ട്. കഴിഞ്ഞ തവണ ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബറിന് മുമ്പ് തന്നെ കേരളം എടുത്തിരുന്നു. പിന്നീട് ഓണച്ചെലവുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കുകയായിരുന്നു.

പെന്‍ഷനായവര്‍ക്ക് കോടികള്‍

മെയ് 31ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 3,000 കോടി രൂപയിലധികം വേണമെന്നാണ് കരുതുന്നത്. ഇത് കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ കടമെടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇതിന് പുറമെ ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

നാളെ വേണം 29,400 കോടി

കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ നാളെ പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നത് 29,400 കോടി രൂപയാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 7,000 കോടി രൂപ കടമെടുക്കുന്ന ആന്ധ്രാപ്രദേശാണ് കൂട്ടത്തില്‍ മുന്നിലുള്ളത്. മധ്യപ്രദേശ് 4,500 കോടി, തമിഴ്‌നാട് 4,000 കോടി, രാജസ്ഥാന്‍ 3,000 കോടി, പശ്ചിമ ബംഗാളും പഞ്ചാബും 2,000 കോടി വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT