Canva
News & Views

വേനൽമഴയിൽ മുങ്ങിത്തോർത്തി കേരളം; എ.സി വെക്കുന്നതിൽ യു-ടേൺ, വിൽപന മാന്ദ്യത്തിൽ, വ്യാപാരികൾക്ക് പുകച്ചിൽ; ഡിസ്കൗണ്ട് വരുമോ?

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇത്തവണ വില്‍പ്പനയില്‍ 20 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്

Muhammed Aslam

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നേരത്തെ കേരളത്തില്‍ സജീവമായ എയര്‍ കണ്ടീഷണര്‍ വിപണിക്ക് തിരിച്ചടിയായി വേനല്‍ മഴ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുവെ മികച്ച വേനല്‍ മഴ ലഭിക്കുന്നതിനാല്‍ രാത്രിയിലെ കൊടുംചൂടിന് കുറവുണ്ട്. ഇതോടെ പലരും എ.സി വാങ്ങാനുള്ള തീരുമാനം വൈകിപ്പിക്കുകയാണ്. ഇതോടെ സീസണ്‍ കച്ചവടത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ശരാശരി 20 മുതല്‍ 40 ശതമാനം വരെ കുറവുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തേത് താത്കാലികമായ കുറവാണെന്നും അടുത്ത ദിവസങ്ങളില്‍ വില്‍പ്പന ടോപ് ഗിയറിലെത്തുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

ചൂടന്‍ വിപണി

വേനല്‍ക്കാലം തുടങ്ങുന്നതോടെയാണ് എ.സി, കൂളര്‍, ഫാന്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുന്നത്. ഇത്തവണ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനികളും ഷോറൂമുകളും സജീവമായതോടെ ജനുവരി മുതല്‍ തന്നെ സീസണ്‍ വില്‍പ്പന തുടങ്ങി. മാര്‍ച്ചായപ്പോള്‍ എല്ലാ ഷോറൂമുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനലിന്റെ ഓര്‍മയില്‍ ആളുകള്‍ നേരത്തെ തന്നെ എ.സി വാങ്ങാന്‍ തിരക്കുകൂട്ടി. മുന്‍കാലങ്ങളില്‍ സമ്പന്നരുടെ മാത്രം അടയാളമായിരുന്ന എ.സി ഇന്ന് എല്ലാ വീടുകളിലെയും അവിഭാജ്യ ഘടകമാണ്. ഗ്രാമീണ മേഖലകളില്‍ പോലും എ.സി വില്‍പ്പന പൊടിപൊടിച്ചു. ഇത്തവണ റംസാന്‍ മാസത്തില്‍ ഗ്രാമീണ മേഖലയിലെ മിക്ക മുസ്‌ലിം പള്ളികളിലും എ.സി സ്ഥാപിച്ചത് വില്‍പ്പന കൂട്ടിയെന്നും വ്യാപാരികള്‍ പറയുന്നു.

ഡിമാന്‍ഡ് ഇങ്ങനെ

ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഒരു ടണ്‍ എ.സിക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. അതില്‍ തന്നെ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ഉള്ള എ.സി തന്നെ നോക്കിയെടുക്കുന്നവരാണ് ഏറെയും. ത്രീ സ്റ്റാര്‍ എസിക്കും ആവശ്യക്കാരുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ആകര്‍ഷകമായ തിരിച്ചടവ് പ്ലാനുകളുമായി സാമ്പത്തിക സ്ഥാപനങ്ങളും രംഗത്തിറങ്ങിയതോടെ മാസത്തവണ വ്യവസ്ഥയില്‍ എ.സി വാങ്ങുന്നവരും കൂടുതലാണ്. 30,000 രൂപയില്‍ താഴെ വിലയുള്ള എ.സികളോടാണ് ആളുകള്‍ക്ക് പ്രിയം കൂടുതലെന്നും വ്യാപാരികള്‍ പറയുന്നു.

വില്ലനായി മഴ

ഇതിനിടയില്‍ വേനല്‍മഴയെത്തിയതോടെ എ.സി വാങ്ങാനുള്ള ആളുകളുടെ തീരുമാനത്തിലും മാറ്റം വന്നു.

വേനല്‍ കടുത്തേക്കില്ലെന്ന പ്രതീക്ഷയില്‍ പലരും എ.സി വാങ്ങാനുള്ള തീരുമാനം വൈകിപ്പിക്കുകയാണ്. എ.സി വാങ്ങിയാലും ഫിറ്റ് ചെയ്യാനുള്ള തൊഴിലാളികളെ ലഭിക്കാത്തതും ആളുകള്‍ക്ക് പ്രശ്‌നമാണ്. അടുത്തിടെ എ.സി വാങ്ങിയ പലര്‍ക്കും ഒരാഴ്ചയോളം കാത്തിരുന്ന ശേഷമാണ് എ.സി സ്ഥാപിക്കാനുള്ള ആളെ ലഭിച്ചത്. മുന്‍കാലങ്ങളില്‍ അംഗീകൃത ടെക്‌നീഷ്യന്‍മാര്‍ തന്നെ എ.സി സ്ഥാപിക്കണമെന്ന് ഷോറൂമുകാര്‍ വാശി പിടിക്കുമായിരുന്നു. എന്നാല്‍ വില്‍പ്പന കൂടുതലുള്ള മാസങ്ങളില്‍ പുറത്തുള്ള ഏജന്‍സികളെയും എ.സി സ്ഥാപിക്കാന്‍ ആശ്രയിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ആവശ്യത്തിന് സ്‌റ്റോക്കുണ്ട്, വിലയും കൂടിയില്ല

കഴിഞ്ഞ വര്‍ഷം എ.സി വിപണി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആവശ്യത്തിന് സ്റ്റോക്ക് ഇല്ലെന്നതായിരുന്നു. ഇത്തവണ മുന്‍കരുതലെന്നോണം എല്ലാ ഡീലര്‍മാരും ആവശ്യത്തിലധികം സ്‌റ്റോക്ക് കരുതിവെച്ചു. വില്‍പ്പന കുറഞ്ഞതോടെ പലരും കുടുങ്ങിയ അവസ്ഥയിലാണ്. സീസണ്‍ കഴിയുന്നതിന് മുമ്പ് കാര്യമായ വില്‍പ്പന നടന്നില്ലെങ്കില്‍ മിക്ക ഡീലര്‍മാരും പ്രതിസന്ധിയിലാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കൂടുതല്‍ ഷോറൂമുകളുള്ള ഗൃഹോപകരണ ശൃംഖലകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. സ്റ്റോക്ക് ക്രമാതീതമായി കൂടിയാല്‍ ഒരുപക്ഷേ വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യതയുണ്ടെന്നും ചില ഡീലര്‍മാര്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ വില്‍പ്പന കൂടിയതോടെ ഒട്ടുമിക്ക എ.സി നിര്‍മാതാക്കളും വില കൂട്ടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഡിമാന്‍ഡ് കുറവായതോടെ ഉടനെയൊന്നും വില കൂട്ടില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ടോപ് ഗിയറിലാകുമെന്ന് പ്രതീക്ഷ

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ എ.സി വില്‍പ്പനയില്‍ വലിയ കുറവുണ്ടായെന്ന് കൊല്ലം മാളിയേക്കല്‍ ഇലക്ട്രോണിക്‌സ് ഉടമ ജെയിംസ് മാളിയേക്കല്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥ തന്നെയാണ്. എ.സി വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പലരും പിന്മാറി. അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ എ.സി വാങ്ങുന്നത്. മികച്ച തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കാന്‍ സാമ്പത്തിക സ്ഥാപനങ്ങളും തയ്യാറായതോടെ സാധാരണക്കാരും കൂടുതലായി എ.സി വാങ്ങുന്നുണ്ട്. വരും ദിവസങ്ങളിലെങ്കിലും എ.സി വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT