News & Views

കയറ്റുമതിക്ക് സബ്‌സിഡി, വ്യാപാര മേളകളില്‍ പങ്കെടുക്കാന്‍ സാമ്പത്തിക സഹായം; കയറ്റുമതി പ്രോത്സാഹന നയം പ്രഖ്യാപിച്ച് കേരളം

കയറ്റുമതി പ്രോത്സാഹനത്തിനായി കേരള സർക്കാർ സബ്‌സിഡികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം, സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടുന്ന നയം അവതരിപ്പിച്ചു

Dhanam News Desk

സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള കയറ്റുമതി പ്രോത്സാഹന നയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍, വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ഒറ്റത്തവണ സബ്‌സിഡി നല്‍കും. സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൗജന്യ ഫ്രീ ഓണ്‍ബോര്‍ഡ് മൂല്യത്തിന്റെ ഒരു ശതമാനം ഇന്‍സെന്റീവ് നല്‍കും. തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകള്‍ മുതലായവ ഉള്‍പ്പെടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50 ശതമാനം റീഇംബേഴ്സ്മെന്റ് അനുവദിക്കും.

ദേശീയ അന്തര്‍ദേശീയ വ്യാപാര മേളകള്‍, എക്‌സിബിഷനുകള്‍, ബയര്‍-സെല്ലര്‍ മീറ്റുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവര്‍ഷം 2 ലക്ഷം രൂപ പരിധിയില്‍ 75 ശതമാനം റീഇംബേഴ്‌സ്‌മെന്റ് വഴി സബ്‌സിഡി നല്‍കും.

അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങള്‍ പാലിക്കുന്നതിന് കയറ്റുമതി ഡോക്യമെന്റേഷനുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍, ഗുണനിലവാര പരിശോധന എന്നിവയുള്‍പ്പെടെ 2 വര്‍ഷത്തേക്ക് ചെലവിന്റെ 50 ശതമാനം വരെ സബ്‌സിഡി.

വിപണി ഗവേഷണം, ഉത്പന്ന വികസനം, ബ്രാന്‍ഡിംഗ്, പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക സഹായവും സബ്സിഡിയും നല്‍കുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും.

കയറ്റുമതി സഹായിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും

കയറ്റുമതിക്കാരെ ആഗോള വാങ്ങലുകാരുമായി ബന്ധിപ്പിക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കും. ഈ പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കും.

ചെറുകിട, ഇടത്തരം കയറ്റുമതിക്കാര്‍ക്കായി കണ്‍സോര്‍ഷ്യം അല്ലെങ്കില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സംയുക്ത വിപണന സംരംഭങ്ങള്‍, വ്യാപാര ഷോകളിലെ പങ്കാളിത്തം, പങ്കിട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഈ കണ്‍സോര്‍ഷ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നയത്തിന് കഴിയും.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ചെക്ക് ഗേറ്റുകളില്‍ നിന്ന് കയറ്റുമതി ചരക്ക് നേരത്തെ കടന്നുപോകുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡുള്ള സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് കയറ്റുമതി കാര്‍ഡ് നല്‍കാനും തീരുമാനമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT