canva
News & Views

ലോകബാങ്കില്‍ നിന്നും ₹2,424 കോടി കടമെടുക്കാന്‍ കേരളം, ₹293 കോടിയുടെ കിഫ്ബി ഫണ്ടില്‍ കണ്ണൂര്‍ ഐ.ടി പാര്‍ക്കില്‍ പുതിയ കെട്ടിടം

ആരോഗ്യരംഗത്ത് 3,000 കോടിയുടെ സമഗ്ര പദ്ധതി നടപ്പിലാക്കാനാണ് വായ്പയെടുക്കുന്നത്

Dhanam News Desk

ആരോഗ്യരംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ വരുത്തുന്ന കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് 2,424.28 കോടി രൂപ ലോകബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 3,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഇതില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ലോകബാങ്ക് സഹായത്തിന് പുറമെ ബാക്കി വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. ഉയര്‍ന്ന ജീവിത നിലവാരം, ആയുര്‍ദൈര്‍ഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങള്‍, അപകടങ്ങള്‍, അകാല മരണം എന്നിവയില്ലാത്ത ജീവിതം സാധ്യമാക്കുന്നതിനുമാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള ആവാസ വ്യവസ്ഥ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുക, എമര്‍ജന്‍സി, ട്രോമാ കെയര്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ ഹെല്‍ത്ത് ആപ്ലിക്കേഷനുകള്‍ എല്ലാവരിലും എത്തിക്കുക, ആരോഗ്യത്തിനായി പൊതുധനസഹായം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. കേരളത്തിലെ ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പദ്ധതി ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും.

കണ്ണൂര്‍ ഐ.ടി പാര്‍ക്കില്‍ അത്യാധുനിക കെട്ടിടമുയരും

2022-23 ബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ ഐ.ടി പാര്‍ക്കിലെ ആദ്യ കെട്ടിടത്തിന് ഭരണാനുമതി. 293.22 കോടി രൂപ ചെലവഴിച്ച് അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ അത്യാധുനിക കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നല്‍കിയത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് ചുമതല.

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും

നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന സംരംഭകര്‍ക്ക് പാട്ട കരാറിന് ഏര്‍പ്പെടുന്നതിനോ, ഭൂമി / കെട്ടിടം വാങ്ങിക്കുന്നതിനോ രജിസ്‌ട്രേഷന്‍ ആവശ്യത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമാണ് ഒഴിവാക്കുക. നിര്‍മ്മാണ യൂണിറ്റുകള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് ഉറപ്പു വരുത്തേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT