News & Views

ആയുര്‍വേദവും മെഡിക്കല്‍ ടൂറിസവും കേരളത്തെ ആഗോള ഹബ്ബാക്കും; ആധുനിക വൈദ്യവുമായി സമന്വയിപ്പിക്കാന്‍ പദ്ധതി: മന്ത്രി പി. രാജീവ്

2030-ഓടെ മെഡിക്കല്‍ ടൂറിസത്തില്‍ മൂന്നിരട്ടി വളര്‍ച്ച നേടുമെന്ന് കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആന്‍ഡ് എക്‌സ്‌പോ 2025

Dhanam News Desk

ടൂറിസം മേഖലയ്‌ക്കൊപ്പം ആയുര്‍വേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെല്‍നസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ നടന്ന കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആന്‍ഡ് എക്‌സ്‌പോ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉയര്‍ന്ന ആരോഗ്യപരിചരണ നിലവാരം മെഡിക്കല്‍ യാത്രികരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും, ഇതിനായി ആശുപത്രികളുടെ കൂട്ടായ്മയായ കേരള മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി (KMVTS) നേതൃത്വം നല്‍കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആയുര്‍വേദം 60,000 കോടിയിലേക്ക്

നിലവിലെ 15,000 കോടി രൂപയില്‍ നിന്ന് കേരളത്തിന്റെ ആയുര്‍വേദ സമ്പദ് വ്യവസ്ഥ 2031-ഓടെ 60,000 കോടി രൂപയായി വര്‍ധിക്കുമെന്ന് സിഐഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ചെയര്‍മാനും ധാത്രി ആയുര്‍വേദ എം.ഡിയുമായ ഡോ. സജികുമാര്‍ പറഞ്ഞു. 2047-ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും, ആയുര്‍വേദം സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആഗോള അംഗീകാരമുള്ള ആരോഗ്യ ശാസ്ത്രമായി വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5.6 ട്രില്യണ്‍ ഡോളറാണ് നിലവിലെ ആഗോള വെല്‍നസ് സമ്പദ്വ്യവസ്ഥയുടെ മൂല്യം.

ആയുര്‍വേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ആയുര്‍വേദ സമ്പദ്വ്യവസ്ഥയുടെ മൂല്യം 43 ബില്യണ്‍ ഡോളറാണ്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് ആയുര്‍വേദ മേഖലയുടെ സംഭാവന 2047-ഓടെ 5 ശതമാനമായി ഉയരുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച അറിയിച്ചു.

ഗുണനിലവാരത്തില്‍ കേരളത്തിന് നേട്ടം

ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള ലോകോത്തര ചികിത്സ നല്‍കുന്ന ഏക കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാരിയര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നത് ഇന്ത്യയില്‍ കേരളത്തിന് മാത്രമുള്ള നേട്ടമാണെന്നും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി. ഡോ. പി.വി. ലൂയിസ് ചൂണ്ടിക്കാട്ടി.

സി.ഐ.ഐ കേരള ചാപ്റ്റര്‍, ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സി.ഐ.ഐ കേരള ചെയര്‍മാന്‍ വി.കെ.സി റസാഖ്, സി.ഐ.ഐ സതേണ്‍ റീജിയന്‍ ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് തുടങ്ങിയവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.

Kerala plans to blend Ayurveda with modern medicine to become a global medical tourism hub by 2030, targeting a ₹60,000 crore Ayurveda economy.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT