facebook.com/people/Kerala-Bank
News & Views

നിക്ഷേപ പലിശ കുറച്ച് കേരള ബാങ്ക്, വെട്ടില്‍ വീണത് സഹകരണ ബാങ്കുകള്‍; നിക്ഷേപകര്‍ കൈവിടുമെന്ന് ആശങ്ക

ഇപ്പോള്‍ തന്നെ പ്രതിസന്ധിയുടെ അറ്റത്തു നില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇനിയൊരു പ്രഹരം കൂടി താങ്ങാനാകില്ല

Dhanam News Desk

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്കിയിരുന്ന ഉയര്‍ന്ന പലിശയില്‍ കുറവു വരുത്തി കേരള ബാങ്ക്. ജൂലൈ ഒന്നുമുതല്‍ ബാധകമായ രീതിയിലാണ് നിരക്ക് കുറച്ചത്. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കും ദീര്‍ഘകാല പലിശ നിരക്കില്‍ കുറവു വരുത്തിയത്. മെച്ചപ്പെട്ട പലിശയ്ക്കായി കേരള ബാങ്കിനെ ആശ്രയിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.

കേരള ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്ന സഹകരണ ബാങ്കുകള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഏറിയപങ്കും കേരള ബാങ്കിലായിരുന്നു സൂക്ഷിച്ചിരുന്നത്. 37,000 കോടിയോളം വരുമിത്. പലിശ വരുമാനം കുറയുന്നത് സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കും. നിക്ഷേപകരില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്.

സഹകരണ ബാങ്കുകള്‍ക്ക് ഇരുട്ടടി

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് സഹകരണ ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നത്. കേരള ബാങ്ക് ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശ കുറച്ചതോടെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയും കുറയ്‌ക്കേണ്ടി വരും.

ഇത് നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നാണ് സഹകരണ ബാങ്കുകളുടെ ആശങ്ക. ഇപ്പോള്‍ തന്നെ പ്രതിസന്ധിയുടെ അറ്റത്തു നില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇനിയൊരു പ്രഹരം കൂടി താങ്ങാനാകില്ല. സംസ്ഥാനത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും സഹകരണ ബാങ്കുകള്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

സഹകരണ ബാങ്കുകളില്‍ നിക്ഷേം നടത്തുന്നതില്‍ ഏറിയ പങ്കും 45 വയസിന് മുകളിലുള്ളവരാണ്. ഓഹരി വിപണി അടക്കം കൂടുതല്‍ വരുമാനം നല്കുന്ന നിക്ഷേക മാര്‍ഗങ്ങളിലേക്ക് മലയാളികള്‍ തിരിയുന്നുണ്ട്. ഇത് ബാങ്ക് നിക്ഷേപങ്ങള്‍ കുറയുന്നതിന് ഇടയാക്കും. സ്ഥിര നിക്ഷേപ പലിശ കുറയ്ക്കുന്നത് ബാങ്കിംഗ് നിക്ഷേപങ്ങളില്‍ നിന്ന് ഉപയോക്താക്കളെ പിന്‍തിരിക്കുമെന്നാണ് ആശങ്ക.

കേരള ബാങ്കിന്റെ പുതുക്കിയ പലിശനിരക്ക് (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50% (6%)

46 മുതല്‍ 90 ദിവസം വരെ 6% (6.5%)

91 മുതല്‍ 179 ദിവസം വരെ 6.5% (7%)

180 മുതല്‍ 364 ദിവസം വരെ 7% (7.35%)

ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.10% (7.75%)

2 വര്‍ഷവും അതിനു മുകളിലേക്കുള്ള നിക്ഷേപം 7% (7.85%)

Kerala Bank slashes deposit interest rates, triggering crisis for cooperative banks and concerns of investor flight

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT