facebook.com/people/Kerala-Bank
News & Views

കേരള ബാങ്കിലെ ആദ്യ ഘട്ട ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി, ഫിന്‍ടെക് സേവനങ്ങള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം

കാക്കനാടുള്ള കേരള ബാങ്കിന്റെ കെട്ടിടത്തില്‍ 1,000 ചതുരശ്ര അടിയില്‍ ഫിന്‍ടെക് ഇന്നോവേഷന്‍ ഹബ്ബ് ഒരുക്കും

Dhanam News Desk

കേരള ബാങ്കിന് കീഴിലുള്ള ബാങ്കുകളുടെ ആദ്യഘട്ട ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. ഇതിന്റെ പ്രഖ്യാപനവും കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോണ്‍ക്ലേവും സെപ്റ്റംബര്‍ 27ന് ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ നടക്കും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 14 ബാങ്കുകളുടെ ഐ.ടി സേവനങ്ങള്‍ ഏകീകരിച്ച നടപടിയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ കേസ് സ്റ്റഡിയും മുഖ്യമന്ത്രി പുറത്തിറക്കും. മന്ത്രിമാരായ വി.എന്‍ വാസവന്‍, പി രാജീവ്, നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

ഐ.ടി സേവനങ്ങള്‍ ഒന്നാക്കി

2019 നവംബര്‍ 29നാണ് 13 ജില്ലാ സഹകരണ ബാങ്കുകളും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും ചേര്‍ന്ന് കേരള ബാങ്ക് രൂപീകരിച്ചത്. വിവിധ സോഫ്റ്റ്‌വെയറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ബാങ്കുകളെ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു പ്രധാന വെല്ലുവിളി. കേരള ബാങ്കിലെ തന്നെ ഐ.ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നടപടി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സഹകരണ ബാങ്കിംഗ് മേഖലയിലെ സമാനതകളില്ലാത്ത ഐ.ടി ഏകീകരണമായാണ് ഇതിനെ കണക്കാക്കുന്നതെന്നും കേരള ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. സ്വകാര്യ ബാങ്കുകളെപ്പോലെ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ ഇതിലൂടെ കേരള ബാങ്കിന് പ്രാപ്തി ലഭിച്ചു. നിലവില്‍ 2,15,000 പേര്‍ കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സി.ഇ.ഒ ജോര്‍ട്ടി എം ചാക്കോ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം

കേരള ബാങ്കിന് വേണ്ടി ഫിന്‍ടെക് സേവനങ്ങള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുമെന്നും അധികൃതര്‍ പറയുന്നു. കാക്കനാടുള്ള കേരള ബാങ്കിന്റെ കെട്ടിടത്തില്‍ 1,000 ചതുരശ്ര അടിയില്‍ ഫിന്‍ടെക് ഇന്നോവേഷന്‍ ഹബ്ബ് ഒരുക്കും. ഫിന്‍ടെക് സേവനങ്ങള്‍ വികസിപ്പിക്കാന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. ഇതിനായുള്ള ധാരണാപത്രവും ഐ.ടി കോണ്‍ക്ലേവില്‍ ഒപ്പിടുമെന്നും അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT