Representational Image by Canva 
News & Views

കേരളത്തിന്റെ വിമാനകമ്പനിയാകാൻ അൽ ഹിന്ദ് ഗ്രൂപ്പ്; വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടി

എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് തുടങ്ങിയേക്കും

Dhanam News Desk

കേരളത്തില്‍ നിന്നുള്ള യാത്രാ സേവന കമ്പനിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അല്‍ഹിന്ദ് എയറിന് വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രാരംഭ അനുമതി. ഈ വര്‍ഷം അവസാനത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (AOC) ലഭിച്ചതിനു ശേഷം എയര്‍ലൈന്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് അല്‍ഹിന്ദ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ബംഗളൂരു, ചെന്നെ സര്‍വീസുകള്‍

200-500 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ എ.ടി.ആറിന്റെ മൂന്ന് 72 ടര്‍ബോപ്രോപ്‌ വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കാനാണ് നിര്‍ദിഷ്ട വിമാനക്കമ്പനിയുടെ പദ്ധതി.

കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുമായിരിക്കും ആദ്യ സര്‍വീസുകള്‍. ക്രമേണ ഇത് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും വ്യാപിപ്പിക്കും. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 20 ആയി ഉയര്‍ത്തിയ ശേഷം വിദേശ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. 2,000 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

നാരോ ബോഡി വിമാനങ്ങള്‍ക്കായി എ.ടി.ആറുമായി കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതുകൂടാതെ പുതിയ വിമാനങ്ങള്‍ക്കായി എയര്‍ബസുമായും ബോയിംഗുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയുടെ നിര്‍ണായക ചുമതലകള്‍ വഹിക്കുന്നതിനായി ആളുകളെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു പൂര്‍ത്തിയായ ശേഷമാകും പൈലറ്റുമാര്‍, കാബിന്‍ ക്രൂ, എന്‍ജിനീയര്‍മാര്‍, മറ്റ് ഗ്രൗണ്ട് സ്റ്റാഫുകള്‍ എന്നിവരെ നിയമിക്കുക.

അല്‍ഹിന്ദ് ഗ്രൂപ്പ്

ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് രാജ്യത്തും വിദേശത്തും മുന്‍നിരയിലുള്ള കമ്പനിയാണ് അല്‍ഹിന്ദ് ഗ്രൂപ്പ്. വിവിധ എയര്‍ലൈന്‍ കമ്പനികളുടെ ജനറല്‍ സെയില്‍സ് ഏജന്റ് (GSA) ആണെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ വിറ്റുവരവ് 20,000 കോടി രൂപയാണ്. ഇന്ത്യയിലും വിദേശത്തുമായി 130 ഓഫീസുകളും കമ്പനിക്കുണ്ട്്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT