കേരളത്തില്‍ നിന്നും ബാങ്ക് അക്കൗണ്ടുകളിലൂടെ വിദേശത്തേക്ക് വന്‍ തോതില്‍ കള്ളപ്പണം കടത്തുന്നതായി റിപ്പോര്‍ട്ട്. എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ നിന്നും വിദേശ അക്കൗണ്ടിലേക്ക് പണമയക്കാനുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കേരളത്തിലെ ഒരു സ്വകാര്യ ബാങ്കിലൂടെ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,700 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്. വിദേശ ടൂര്‍ പാക്കേജുകളെന്ന പേരിലും തട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമയുടെയോ മറ്റാരുടെയെങ്കിലുമോ വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് എളുപ്പത്തില്‍ പണം അയക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി എന്‍.ആര്‍.ഐ അക്കൗണ്ടിലുള്ള പണം അതേ ബാങ്കിന്റെയോ മറ്റേതെങ്കിലും ബാങ്കുകളുടെയോ ഫോറെക്‌സ് പൂള്‍ അക്കൗണ്ടിലേക്ക് മാറ്റണം. ഇവിടെ നിന്നും വിദേശ അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് നിയമത്തിന്റെയും (ഫെമ) റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണത്തിലാണ് ഇടപാടുകള്‍ നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ നിന്ന് വലിയ തോതില്‍ പണമൊഴുകുന്നതായി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവയില്‍ കൂടുതലും റഫറല്‍ ഏജന്റുമാര്‍ വഴി നടത്തിയ ഇടപാടുകളായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഒരു സ്വകാര്യ ബാങ്കിലൂടെ 914 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്തേക്ക് നടന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടുമാസത്തില്‍ 730 കോടി രൂപയുടെ വിനിമയം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു റഫറല്‍ ഏജന്റ് മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടത്തിയത് 553 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് കടത്തുന്ന കള്ളപ്പണം കൂടുതലും യു.എ.ഇയിലേക്കാണ് പോയതെന്നാണ് കണക്ക്. യു.കെ ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കും പണമെത്തിയിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യങ്ങളായതിനാല്‍ ഇവിടേക്ക് കേരളത്തില്‍ നിന്നും പണമയക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന്റെ മറവിലാണ് തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകളുടെ മറവിലും വ്യാപക തട്ടിപ്പ് അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ട്. ടൂര്‍ പാക്കേജുകളുടെ പേരില്‍ കമ്പനികളുടെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികളാണ് മാറ്റുന്നത്. ടൂര്‍ പാക്കേജുകള്‍ നടന്നിട്ടില്ലെങ്കില്‍ പോലും പണം മാറ്റിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു ട്രാവല്‍ ഏജന്‍സി വിദേശത്തേക്ക് 243 കോടി രൂപ കടത്തിയെന്ന കേസിലെ അന്വേഷണത്തിലാണ് വ്യാപക തട്ടിപ്പ് വെളിച്ചത്തായത്.
അതേസമയം, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടിന് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരിക്കടത്ത്, നികുതി വെട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം ബാങ്കുകള്‍ വഴി തന്നെ കടത്തിയത് ഗുരുതരമാണെന്നാണ് അന്വേഷണ സംഘത്തിന്റെയും നിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. പണം കടത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച നൂറോളം സേവിംഗ്‌സ് അക്കൗണ്ടുകളിലും അന്വേഷണമുണ്ടാകും.
A recent report reveals that crores of black money were transferred from Kerala to foreign accounts via private banks, highlighting serious financial irregularities.
Read DhanamOnline in English
Subscribe to Dhanam Magazine