ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിനെ ഗള്‍ഫ് ആസ്ഥാനമായ കണ്‍സോഷ്യം ഏറ്റെടുത്തു. നഷ്ടക്കയത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളായിരുന്ന മാഗ്നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് അല്‍ ഫര്‍സാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കുന്നത്. അടുത്ത എട്ടു മാസങ്ങള്‍ക്കുള്ളില്‍ ഇടപാട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.
കേരളത്തില്‍ പുതിയ സ്റ്റേഡിയം കോംപ്ലക്‌സ് പണിയുന്നതിനൊപ്പം ക്ലബിനെ സാമ്പത്തികമായി വിജയത്തിലെത്തിക്കുകയെന്ന ലക്ഷ്യമെന്ന് പുതിയ നിക്ഷേപകര്‍ വ്യക്തമാക്കി. കേരളം ആസ്ഥാനമായുള്ള സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ ഓഫിയോ സ്‌പോര്‍ട്ടി (ofioh sporty) ആണ് ക്ലബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
പഴയ ഉടമകളില്‍ നിന്ന് ക്ലബിനെ ഏറ്റെടുക്കാന്‍ അല്‍ ഫര്‍സാന്‍ ഗ്രൂപ്പ് 100 മുതല്‍ 120 കോടി രൂപ വരെയാണ് മുടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴും പുതിയ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്കിയില്ല. ടീമിന്റെ നടത്തിപ്പിനായി ഇതുവരെ 150 കോടി രൂപയ്ക്കടുത്ത് ചെലവഴിച്ചെന്നാണ് മാഗ്നം സ്‌പോര്‍ട്‌സ് പറയുന്നത്.
യുഎഇയിലെ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖ്വാസ്മിയാണ് പുതിയ കണ്‍സോഷ്യത്തിലെ പ്രധാന അംഗങ്ങളിലൊന്ന്. മലയാളി വേരുകളുള്ള ചില പ്രമുഖ വ്യവസായികളും നിക്ഷേപക നിരയില്‍ ഉണ്ടെന്നാണ് വിവരം. ഇവരുടെ വിവരങ്ങള്‍ അധികം വൈകാതെ വെളിപ്പെടുത്തുമെന്ന് പുതിയ മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഫുട്‌ബോള്‍ ക്ലബ് നടത്തിപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് പുതിയ മാനേജ്‌മെന്റിനുണ്ട്. പ്രോജക്ട് ബ്ലാസ്‌റ്റേഴ്‌സ് എന്ന പേരില്‍ പുതിയൊരു പദ്ധതി തന്നെ കമ്പനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കളിയില്ലാത്തപ്പോഴും വരുമാനം വരുന്ന രീതിയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഉള്‍പ്പെടുന്ന വാണിജ്യ സംരംഭങ്ങളും പദ്ധതിയിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആരാധക സാന്നിധ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വാണിജ്യ സാധ്യതകള്‍ ഉപയോഗിക്കാനുള്ള പുതിയ മാനേജ്‌മെന്റിന് പ്ലാനുണ്ട്. ഇന്ത്യയില്‍ ഫുട്‌ബോളില്‍ പണംമുടക്കുന്നത് റിസ്‌ക് കൂടുതലുള്ള തിരിച്ചറിവില്‍ തന്നെയാണ് പണംമുടക്കുന്നതെന്ന് പുതിയ ഉടമകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണ്‍ ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണുള്ളത്. ടീം ക്യാംപിന് ഇന്ന് ചെന്നൈയില്‍ തുടക്കമായി. ഒക്ടോബര്‍ 11ന് ഇന്റര്‍ കാശിക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം.
Read DhanamOnline in English
Subscribe to Dhanam Magazine