ഇന്ത്യന്‍ ഫുട്‌ബോളിലെ ജനപ്രിയ ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സിനെ വിറ്റഴിക്കാനുള്ള നീക്കം പ്രതിസന്ധിയിലേക്ക്. നഷ്ടം കുമിഞ്ഞു കൂടിയതോടെ ക്ലബിനെ വിറ്റഴിക്കാനാണ് നിലവിലെ ഉടമകളായ മാഗ്നം സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ ശ്രമം. വി.കെ മാത്യൂസിന്റെ ഐബിഎസ് സോഫ്റ്റ്‌വെയര്‍ 80 കോടി വരെ ഓഫര്‍ ചെയ്തു. എന്നാല്‍ 150 കോടിയാണ് മാഗ്നത്തിന്റെ ഡിമാന്‍ഡ്. ഇതോടെ ഈ ചര്‍ച്ചകള്‍ പാളി.
എന്തുകൊണ്ടാണ് വലിയ ആരാധകരുണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് താല്പര്യമില്ലാത്തത്. കാരണങ്ങള്‍ പലതാണ്. സ്വന്തമായി കാര്യമായ ആസ്തി ബ്ലാസ്റ്റേഴ്‌സിനില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ക്ലബിന് സ്വന്തമായി ഒരു പരിശീലന ഗ്രൗണ്ട് പോലുമില്ല. ബ്രാന്‍ഡ് ജനപ്രിയമാണെങ്കിലും ആസ്തികളോ മറ്റ് വരുമാന സാധ്യതകളോ ഇല്ലാത്തത് ക്ലബിനെ ഏറ്റെടുക്കാന്‍ വരുന്നവരെ പിന്തിരിപ്പിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എംഎ യൂസഫലിയുടെ ലുലുഗ്രൂപ്പ് ക്ലബിനെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടപാട് യാഥാര്‍ത്ഥ്യമായില്ല. കഴിഞ്ഞ സീസണിനു മുമ്പ് റിലയന്‍സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ക്ലബിന്റെ പ്രതിസന്ധി രൂക്ഷമാകുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പില്‍ നിന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (FSDL) ഒഴിഞ്ഞതും, എഐഎഫ്എഫ് (AIFF) നേരിട്ട് ലീഗ് നടത്തിയതും ക്ലബുകളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. മുന്‍പ് സെന്‍ട്രല്‍ പൂള്‍ വഴി കോടികള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് സംപ്രേഷണത്തുക കുത്തനെ ഇടിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി. ക്ലബ് നടത്തിപ്പ് വലിയ ബാധ്യതയായി മാറിയതോടെയാണ് വീണ്ടും വില്പനയ്ക്ക് വച്ചത്.
കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നടത്തിപ്പ് വഴി 100 കോടി രൂപയ്ക്കടുത്ത് നിലവിലെ മാനേജ്‌മെന്റിന് നഷ്ടമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തിളക്കം നഷ്ടമായതോടെ ഇനിയുള്ള സീസണുകളില്‍ വരുമാനം കുറയുമെന്നാണ് വിലയിരുത്തല്‍.
അടുത്ത സീസണില്‍ കളിക്കാന്‍ വേണ്ടി എഐഎഫ്എഫിന് നല്‌കേണ്ട ഫീസിന്റെ ആദ്യ ഗഡുവായ 50 ലക്ഷം രൂപ ക്ലബ് ഇതിനകം അടച്ചിട്ടുണ്ട്. ക്ലബ് വില്പന നടന്നില്ലെങ്കില്‍ വരുന്ന സീസണ്‍ കളിക്കാന്‍ തന്നെയാണ് തീരുമാനം. ഐഎസ്എല്ലില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വിട്ടുനില്ക്കുന്നത് വില്പനയ്ക്ക് വിഘാതമാകുമെന്ന തിരിച്ചറിവിലാണ് മാനേജ്‌മെന്റ്.
കഴിഞ്ഞ സീസണിനുശേഷം ജീവനക്കാരെ കമ്പനി ശമ്പളരഹിത അവധിക്ക് അയച്ചിരുന്നു. ഇതില്‍ ചിലരെ തിരിച്ചുവിളിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ജീവനക്കാരില്‍ പലരും മറ്റ് മേഖലകളിലേക്ക് ചേക്കേറുകയും ചെയ്തു. കേരളത്തിലെ ഫുട്‌ബോള്‍ ബിസിനസില്‍ വലിയ നിക്ഷേപങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. ഈ സമയത്ത് ഇത്തരത്തില്‍ നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നത് പുതിയ നിക്ഷേപകരുടെ വരവിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine