Indian passport 
News & Views

യുഎഇയിലെ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി മലയാളി കമ്പനിക്ക്; ബി.എല്‍.എസ് ഇന്റര്‍നാഷണലിന് വന്‍ തിരിച്ചടി

ഈ മാസം മുതല്‍ അല്‍ഹിന്ദ് മാത്രമായിരിക്കും യുഎഇയിലുടനീളം ഈ സേവനങ്ങള്‍ നല്‍കുന്ന ഏക ഔദ്യോഗിക ഏജന്‍സി.

Dhanam News Desk

യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള പാസ്പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സേവനങ്ങളുടെ ഔട്ട്സോഴ്സിങ് ചുമതല ഇനി മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്. ഈ മാസം മുതല്‍ അല്‍ഹിന്ദ് മാത്രമായിരിക്കും യുഎഇയിലുടനീളം ഈ സേവനങ്ങള്‍ നല്‍കുന്ന ഏക ഔദ്യോഗിക ഏജന്‍സി.

ഇതുവരെ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കിയിരുന്ന എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമാണ് അല്‍ഹിന്ദിന്റെ വരവ്. ഈ മാറ്റത്തിന്റെ ഭാഗമായി റെഗുലര്‍ അപ്പോയിന്റ്മെന്റുകള്‍ക്ക് ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസി നടത്തിയ ടെന്‍ഡര്‍ പ്രക്രിയയിലൂടെയാണ് ഏറ്റവും കുറഞ്ഞ സാമ്പത്തിക ബിഡ് സമര്‍പ്പിച്ച അല്‍ഹിന്ദിനെ തിരഞ്ഞെടുത്തത്. കോടതി കേസുകളും പരാതികളും കണക്കിലെടുത്ത് നിലവിലെ ദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണലിനെ ഭാവി ടെന്‍ഡറുകളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിദേശകാര്യ മന്ത്രാലയം വിലക്കിയിരുന്നു.

16 കേന്ദ്രങ്ങളുമായി അല്‍ഹിന്ദ്

യുഎഇ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന് മികച്ച സേവനം ഉറപ്പാക്കാന്‍ വന്‍ സജ്ജീകരണങ്ങളാണ് അല്‍ഹിന്ദ് ഒരുക്കുന്നത്. അബുദാബി, ദുബൈ ഫുജൈറ തുടങ്ങിയ പ്രമുഖ നഗരങ്ങള്‍ ഉള്‍പ്പെടെ യുഎഇയിലുടനീളം 16 അത്യാധുനിക സേവന കേന്ദ്രങ്ങള്‍ അല്‍ഹിന്ദ് ആരംഭിക്കും.

1992ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ഹിന്ദ് ഗ്രൂപ്പ് 1995 മുതലാണ് യുഎഇയിലും പശ്ചിമേഷ്യയിലും സാന്നിധ്യമറിയിച്ചത്. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തിന് പുറമെ ഐ.ടി, ലക്ഷ്വറി റെന്റല്‍സ്, വിദേശ നാണയ വിനിമയം (ഫൊറെക്സ്) തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് ബിസിനസ് ഉണ്ട്.

ബി.എല്‍.എസിന് കനത്ത സാമ്പത്തിക നഷ്ടം

2011 മുതല്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സേവനം നല്‍കിയിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണലിന് ഈ കരാര്‍ നഷ്ടമായത് വലിയ തിരിച്ചടിയാണ്. കമ്പനിയുടെ വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് നല്‍കുന്ന സൂചന. 2026ല്‍ യുഎഇക്ക് പുറമെ കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ കരാറുകളും ബി.എല്‍.എസിന് നഷ്ടമായി.

15 വര്‍ഷത്തോളം യു.എ.ഇയില്‍ പ്രവര്‍ത്തിച്ചിട്ടും സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനോ ആധുനികവല്‍ക്കരിക്കാനോ കമ്പനി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

ഇ-റെസിഡന്‍സി വിതരണത്തിലെ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് എസ്തോണിയ ബി.എല്‍.എസുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. കാനഡയില്‍ അപേക്ഷകരില്‍ നിന്ന് അമിത തുക ഈടാക്കുന്നു എന്ന പരാതിയും കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു.

അല്‍ഹിന്ദിന്റെ വരവോടെ പ്രവാസികള്‍ക്ക് കൂടുതല്‍ വേഗത്തിലും സുതാര്യമായും പാസ്പോര്‍ട്ട്-വിസ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കേന്ദ്രങ്ങള്‍ ഇവിടങ്ങളില്‍

അബുദബി (6 കേന്ദ്രങ്ങള്‍): അല്‍ ഖാലിദിയ, അല്‍ റീം ഐലന്‍ഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അല്‍ ഐന്‍.

ദുബൈ (2 കേന്ദ്രങ്ങള്‍): ബര്‍ ദുബൈ, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്

ഷാര്‍ജ (2 കേന്ദ്രങ്ങള്‍): അല്‍ മജാസ്, റോള.

അജ്മാന്‍ (അല്‍ ജുര്‍ഫ്), ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ഫക്കാന്‍ (കോര്‍ണിഷ്), കല്‍ബ, റാസല്‍ഖൈമ.

Alhind Tours & Travels has secured the UAE outsourcing contract for Indian passport, visa and consular services, replacing BLS International with a new 16-centre network

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT