canva, Facebook / KN Balaghopal , Nirmala Sitharaman
News & Views

6,149 കോടി രൂപ കൂടി കടമെടുക്കുന്നു! അരലക്ഷം കോടി കടന്ന് വാര്‍ഷിക കടം, ട്രഷറി നിയന്ത്രണങ്ങള്‍ക്ക് അയവുണ്ടാകുമോ?

ഇ-കുബേര്‍ വഴി കേരളം 7,139 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്

Dhanam News Desk

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 6,149 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് അനുമതി. ചൊവ്വാഴ്ച 990 കോടി രൂപ കേരളം കടമെടുക്കുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകി പുറത്തിറങ്ങിയ പത്രക്കുറിപ്പിലാണ് 6,149 കോടി രൂപ കൂടി അധിക വായ്പയെടുക്കുന്ന കാര്യം അറിയിച്ചത്. ഇതടക്കം ഇന്ന്(ചൊവ്വാഴ്ച) റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി കേരളം 7,139 കോടി രൂപ കടമെടുക്കും. 15 മാസത്തെ തിരിച്ചടവ് കാലാവധിയില്‍ 990 കോടി രൂപയും 18 വര്‍ഷ കാലാവധിയില്‍ 3,000 കോടി രൂപയും 30 വര്‍ഷ കാലാവധിയില്‍ 3,149 കോടി രൂപയുമാണ് കടമെടുക്കുന്നത്. വൈദ്യുത മേഖലയിലെ പരിഷ്‌ക്കരണത്തിന്റെ പേരില്‍ ജി.എസ്.ഡി.പിയുടെ 0.5 ശതമാനം കൂടി വായ്പയെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അരലക്ഷം കടന്ന് വാര്‍ഷിക കടം

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2024 ഡിസംബറില്‍ തന്നെ 32,000 കോടി രൂപയും കേരളം കടമെടുത്തു. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് 4,200 രൂപ കടമെടുക്കാനും കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പ് പരിധി നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന വാദം അംഗീകരിച്ച് പല തവണയായി കേന്ദ്രസര്‍ക്കാരും കേരളത്തിന് കടമെടുക്കാനുള്ള അനുമതി നല്‍കി വന്നു. മാര്‍ച്ചില്‍ 12,000 കോടി അധിക വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. മാര്‍ച്ച് 18ന് 5,000 കോടി രൂപയും 11ന് 605 കോടി രൂപയും കേരളം കടമെടുത്തിരുന്നു. ഇതോടെ ഇക്കൊല്ലത്തെ പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 54,376 കോടി രൂപയായെന്ന് അനൗദ്യോഗിക കണക്ക്.

മാര്‍ച്ചിലെ കണക്കില്‍ കുരുങ്ങി ട്രഷറി

ശമ്പളം,പെന്‍ഷന്‍ തുടങ്ങിയ ഏറ്റുപോയ ചെലവുകള്‍ക്കായി കേരളത്തിന് പ്രതിമാസം ശരാശരി 15,000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഇതില്‍ 12,000 കോടിയോളം രൂപ കേരളത്തിന് വിവിധ ഇനങ്ങളില്‍ വരുമാനം ലഭിക്കുന്നുണ്ട്. ബാക്കി തുക ചെലവ് ചുരുക്കിയും കടമെടുത്തുമാണ് കേരളം വീട്ടുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തില്‍ 24,000 കോടി രൂപയെങ്കിലും ആവശ്യമായി വരും. തുടര്‍ന്നാണ് അധിക വായ്പ തേടി കേരളം കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയിലൂടെ നിയമ പോരാട്ടം നടത്തിയാണ് 13,500 കോടി രൂപയുടെ അധിക വായ്പക്ക് അനുമതി സമ്പാദിച്ചതെങ്കില്‍ ഇക്കുറി സമവായത്തിലൂടെയായിരുന്നു കേരളത്തിന്റെ നീക്കം.

നിയന്ത്രണം തുടര്‍ന്നേക്കും

അതേസമയം, പണഞെരുക്കത്തിലായ ട്രഷറിയില്‍ അപ്രഖ്യാപിത നിയന്ത്രണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകളും ചെക്കുകളും തത്കാലം മാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ട്രഷറികള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. കടപത്രങ്ങള്‍ ഇറക്കി സമാഹരിക്കുന്ന തുക ട്രഷറിയില്‍ എത്തിയാല്‍ ചെറിയൊരു ആശ്വാസമാകും. എന്നാല്‍ വര്‍ഷാവസാനത്തെ ബില്ലുകളുടെ ആധിക്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കും. മാര്‍ച്ച് 26ന് ശേഷം ലഭിക്കുന്ന ബില്ലുകളും ചെക്കുകളും സ്വീകരിക്കേണ്ടതില്ലെന്നാണ് ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിന് ശേഷമെത്തുന്നവ ടോക്കണ്‍ നല്‍കി ക്യൂ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT