canva, Facebook / KN Balaghopal , Nirmala Sitharaman
News & Views

₹3,000 കോടി കടമെടുക്കും; 13 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്, 2,750 രൂപ ഉത്സവബത്ത

ഓണച്ചെലവുകള്‍ക്കായി സെപ്റ്റംബര്‍ രണ്ടിനും കേരളം കടമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്

Dhanam News Desk

ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. എട്ട് വര്‍ഷത്തെ കാലാവധിയില്‍ 2,000 കോടിയും 25 വര്‍ഷത്തെ കാലാവധിയില്‍ 1,000 കോടി രൂപയുമാണ് കടമെടുക്കുന്നത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. സെപ്റ്റംബര്‍ രണ്ടിനും കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നുണ്ട്.

23,000 കോടി

ഇന്നത്തോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ പൊതുകടം 23,000 കോടി രൂപയായി വര്‍ധിക്കും. ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതായത് ഇനിയുള്ള നാല് മാസത്തേക്ക് ബാക്കിയുള്ളത് 6,529 കോടി രൂപ. ഓണക്കാലത്തെ ചെലവുകള്‍ക്കായി സെപ്റ്റംബര്‍ രണ്ടിന് കുറഞ്ഞത് 3,000 കോടി രൂപയെങ്കിലും എടുക്കേണ്ടി വരും. ഇതോടെ സാമ്പത്തിക നില പരുങ്ങലിലാകും.

കേന്ദ്രം കനിയുമോ

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും കേന്ദ്രം വെട്ടിക്കുറച്ചതുമായ 11,200 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ വര്‍ഷം സമാനമായ ആവശ്യവുമായി കേരളം സമീപിച്ചതിനെ തുടര്‍ന്ന് കേന്ദ്രം 4,200 കോടി രൂപ ഓണക്കാലത്ത് കടമെടുക്കാന്‍ അനുവദിച്ചിരുന്നു.

ബോണസ് വര്‍ധിപ്പിച്ചു

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തി. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓണക്കാലത്തെ ചെലവുകള്‍ക്കായി 20,000 കോടി രൂപയിലധികം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

Kerala govt to raise ₹3,000 crore through bonds while announcing ₹4,500 Onam bonus and ₹3,000 special allowance for government employees.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT