കേരളത്തിന്റെ തെക്കു – വടക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം അഥവാ ആർ.ആർ.ടി.എസിന് ഇത്തവണത്തെ ബജറ്റിൽ 100 കോടി രൂപ അനുവദിച്ചു. ആർ.ആർ.ടി.എസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത് എന്നും ബജറ്റ് പ്രസംഗത്തിനിടെ ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന 583 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽപാതയൊരുക്കുന്ന ആർ.ആർ.ടി.എസ് പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകിയിരുന്നു. ആർ.ആർ.ടി.എസ് പദ്ധതിയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിക്കാൻ ശേഷിയുള്ള അതിവേഗ യാത്രാ സൗകര്യമായ ആർ.ആർ.ടി.എസ്, നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഡൽഹി - മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയിലാണ് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുപ്രകാരം ആർ.ആർ.ടി.എസിന്റെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ഭാഗം ഒന്നാം ഘട്ടത്തിലും തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള ഭാഗം രണ്ടാം ഘട്ടത്തിലും കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള ഭാഗം മൂന്നാം ഘട്ടത്തിലും കണ്ണൂർ - കാസർഗോഡ് പാത നാലാം ഘട്ടമായും പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഭൂമിയേറ്റെടുക്കലും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റെയിൽ പാതയ്ക്കാണ് ആർആർ.ടി.എസ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. ജനസാന്ദ്രതയേറിയ സംസ്ഥാനത്തെ സംബന്ധിച്ച് ഈ മാതൃകയാകും കൂടുതൽ അനുയോജ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം ആർ.ആർ.ടി.എസ് പാതയിലൂടെ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൊതുവിൽ ഉയർന്ന തൂണുകളിലൂടെ കടന്നുപോകുന്ന ആർ.ആർ.ടി.എസ് സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത, നഗരങ്ങളിലെ മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ കഴിയുമെന്നതാണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതോടെ കൊച്ചി മെട്രോയുമായും പുതിയതായി നിർദേശിക്കപ്പെട്ടിട്ടുള്ള തിരുവനന്തപുരം മെട്രോയുമായും ആർ.ആർ.ടി.എസ് സംവിധാനത്തെ കൂട്ടിയിണക്കാൻ കഴിയും. ഇതിനായി പദ്ധതിക്ക് കീഴിൽ അധിക നിർമാണം വേണ്ടിവരില്ല. മെട്രോയുടെ പാളം ഉപയോഗിക്കാൻ കഴിയും.
ആർ.ആർ.ടി.എസ് സംവിധാനത്തിലൂടെ തിരുവനന്തപുരത്ത് നിന്നും വരുന്ന ഒരാൾക്ക് കൊച്ചി മെട്രോ ഉപയോഗപ്പെടുത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നേരിട്ടെത്താന്‍ സാധിക്കുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടവേളയിൽ ബാലഗോപാല്‍ പ്രതികരിച്ചു. നേരത്തെ പരിഗണിച്ചിരുന്ന അതിവേഗ റെയിൽ യാത്രാ പദ്ധതിയായ സിൽവർ ലൈനിന്, കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ആർ.ആർ.ടി.എസ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാർ പുതിയതായി വിഭാവനം ചെയ്യുന്ന ആർ.ആർ.ടി.എസ് പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് റെയിൽ മേഖലയിലെ വിദഗ്ധനായ ഇ. ശ്രീധരൻ. പൊതുവേ നഗരങ്ങളിൽ മാത്രം ഉപയോഗപ്പെടുന്ന ആർ.ആർ.ടി.എസ് സംവിധാനം, സംസ്ഥാനത്തുടന്നീളം കൊണ്ടുവരുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല. അതിനാൽ ഈ പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നും ഇ. ശ്രീധരൻ വാർത്താചാനലുകളോട് പ്രതികരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine