കഴിഞ്ഞ കുറച്ചുനാളുകളായി സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പള, പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇത്തവണത്തെ ബജറ്റില്‍ നല്കിയത് വലിയ പരിഗണന. പൊതുഗതാഗത രംഗത്ത് കൂടുതല്‍ സജീവ ഇടപെടലിന് സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
കാലപ്പഴക്കം ചെന്ന ബസുകള്‍ ഒഴിവാക്കുന്നതിനായി ബജറ്റില്‍ 127 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആധുനിക ബിഎസ് vi വാങ്ങുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്ത ബസുകള്‍ പൊളിച്ചുവില്‍ക്കും.
വിവിധ ജില്ലകളിലെ കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പുകളും ഡിപ്പോകളും അധുനികവല്‍ക്കരിക്കാന്‍ 45.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ പരിഷ്‌കരണത്തിനായി 12 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.
ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂര്‍, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
പ്രവര്‍ത്തനലാഭത്തിലായ കൊച്ചി മെട്രോയ്ക്ക് രണ്ടാംഘട്ടത്തിനായി 79.03 കോടി രൂപയുടെ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം കൊച്ചിയിലെ നിലവിലുള്ള പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കൊച്ചി മെട്രോ, ബസ് സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി 136.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine