Representational image  
News & Views

മലബാറിലേക്ക് ടിക്കറ്റില്ല, പിഴിഞ്ഞ് സ്വകാര്യ ബസുകള്‍! സ്പെഷ്യല്‍ ട്രെയിനിലും കേരളത്തിന് നിരാശ

കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഡല്‍ഹി,ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിനില്ല

Dhanam News Desk

ക്രിസ്മസ്-പുതുവത്സര സീസണില്‍ മലബാറിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ബംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന മിക്ക ട്രെയിനുകളിലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണെന്ന് യാത്രക്കാര്‍ പറയുന്നു. ക്രിസ്മസ് അവധി ആരംഭിക്കുന്ന ഡിസംബര്‍ 21 ശനിയാഴ്ച നേത്രാവതി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്, സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ടിക്കറ്റ് ലഭ്യമല്ലെന്നാണ് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലുള്ളത്. മറ്റ് ട്രെയിനുകളിലാകട്ടെ നൂറിന് മുകളില്‍ വെയിറ്റിംഗ് ലിസ്റ്റാണ്. ക്രിസ്മസ് അടുക്കുമ്പോള്‍ തിരക്ക് കൂടുതല്‍ രൂക്ഷമാവുകയാണെന്നും ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് രേഖകള്‍ കാണിക്കുന്നു. ക്രിസ്മസിന് രണ്ടാഴ്ച ശേഷിക്കെ വെയിറ്റിംഗ് ലിസ്റ്റില്‍ പോലും റെയില്‍വേ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

സ്‌പെഷ്യല്‍ ട്രെയിനിലും നിരാശ

തിരക്ക് കണിക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഒരേയൊരു സ്‌പെഷ്യല്‍ ട്രെയിനാണ് ലഭിച്ചത്. അതും മുംബൈ-കൊച്ചുവേളി റൂട്ടില്‍ മാത്രം. എന്നാല്‍ ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഡല്‍ഹി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഒരു ട്രെയിന്‍ പോലും അനുവദിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കൊച്ചുവേളി-മുംബൈ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ ട്രെയിനിലെ ആദ്യ ദിവസത്തെ ടിക്കറ്റും ഏതാണ്ട് കാലിയായ അവസ്ഥയിലാണ്. ഡിസംബര്‍ 21, 28 ജനുവരി 4,11 തീയതികളിലാണ് കൊച്ചുവേളിയില്‍ നിന്നും ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആകെ എട്ട് സര്‍വീസുകളാണുണ്ടാവുക.

പിഴിഞ്ഞ് സ്വകാര്യ ബസുകള്‍

ഉത്സവ സീസണ്‍ ആയതോടെ മലബാറിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ചാകരയാണ്. സാധാരണ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് 600 മുതല്‍ 1,000 രൂപക്ക് ലഭിച്ചിരുന്ന ബസ് ടിക്കറ്റിന് 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് 5,000 രൂപ വരെ സ്വകാര്യ ബസുകാര്‍ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT