സംസ്ഥാനത്ത് തേങ്ങ വില ഇടിയുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ ഉയര്‍ന്നിരുന്നു. 75 രൂപയ്ക്ക് മുകളില്‍ വരെ തേങ്ങ വില എത്തിയിരുന്നു. നിലവില്‍ തേങ്ങ വില 35 മുതല്‍ 39 രൂപ വരെയാണ്. കേരളത്തില്‍ ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ വരവ് വര്‍ധിച്ചതുമാണ് വില താഴാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞതും ലഭ്യത കൂടാനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉത്പാദനം തീര്‍ത്തും കുറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അനുകൂല കാലാവസ്ഥ മൂലം ഉത്പാദനം ഉയര്‍ന്നു. ഇതും വില കുറയുന്നതിലേക്ക് നയിച്ചു. കുടുംബങ്ങളെ സംബന്ധിച്ച് തേങ്ങവില താഴ്ന്നു നില്‍ക്കുന്നത് അനുഗ്രഹമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം നേരിടേണ്ടി വരുന്നത്.
മുമ്പ് കേരളമായിരുന്നു തേങ്ങ ഉത്പാദനത്തില്‍ മുമ്പിലെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാടും കര്‍ണാടകയും ഈ സ്ഥാനം സ്വന്തമാക്കി. തമിഴ്‌നാട്ടില്‍ കൊപ്ര വില ഇടിഞ്ഞതും കേരളത്തില്‍ തേങ്ങ വില കുറയാന്‍ കാരണമായി.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്. മറ്റ് സംസ്ഥാനങ്ങള്‍ തേങ്ങ ഉത്പാദനത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് കേരളത്തിന്റെ പിന്‍നടപ്പ്.
ഉത്പാദനത്തില്‍ മാത്രമല്ല കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവിലും ഓരോ വര്‍ഷവും കുറവു വരുന്നുണ്ട്. 2000ല്‍ 9.25 ലക്ഷം ഹെക്ടറില്‍ കേരളത്തില്‍ നാളികേര കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ 7.59 ലക്ഷം ഹെക്ടറിലേക്ക് അത് ഒതുങ്ങി. 2017ല്‍ 8.07 ഹെക്ടറിലായിരുന്നു കൃഷി ഉണ്ടായിരുന്നത്. ആറു വര്‍ഷം കൊണ്ട് 48,000 ഹെക്ടറില്‍ കൃഷി ഇല്ലാതായി.
Read DhanamOnline in English
Subscribe to Dhanam Magazine