Image by Canva 
News & Views

വില്ക്കാനാകാതെ കെട്ടിക്കിടക്കുന്നത് ₹30 കോടിയുടെ കയര്‍ ഉത്പന്നങ്ങള്‍; വിറ്റഴിക്കാന്‍ കിയോസ്‌കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍

ഒരു വര്‍ഷത്തിനുളളില്‍ മുഴുവന്‍ സ്റ്റോക്കും വിറ്റഴിച്ച് വിപണന സ്ഥാപനങ്ങളെ കരകയറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Dhanam News Desk

കയര്‍ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാന്‍ വിപുലമായ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് കയര്‍ കോര്‍പറേഷന്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കയര്‍ കോര്‍പ്പറേഷനില്‍ കെട്ടിക്കിടക്കുന്ന ചവിട്ടികള്‍, കയര്‍ മാറ്റുകള്‍ തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവില്‍ ഈ കിയോസ്‌കുകളിലൂടെ വില്‍ക്കും.

കയര്‍ നിര്‍മ്മാണത്തിന് ചകിരിക്കായി തൊണ്ട് സംഭരണവും കിയോസ്‌കുകളിലൂടെ നടത്തും. കയര്‍ സഹകരണ സംഘങ്ങളും സഹകാരികളും വഴി കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ജീവനക്കാരുടെ വീടുകളിലും കയര്‍ ഉത്പന്നങ്ങള്‍ നിര്‍ബന്ധമാക്കാനും പദ്ധതിയുണ്ട്.

ഓണത്തിന് മികച്ച വില്പന

ഓണക്കാലത്ത് മാത്രം 50 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ കയര്‍ഫെഡിന്റെയും കയര്‍ കോര്‍പറേഷന്റെയും സ്റ്റാളുകളിലൂടെ വിറ്റഴിച്ചു. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് പൂര്‍ണമായി വിറ്റഴിക്കാനാണ് തീരുമാനം. പത്തു വര്‍ഷമായി ഏകദേശം 30 കോടി രൂപയുടെ കയര്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ഒരു വര്‍ഷത്തിനുളളില്‍ മുഴുവന്‍ സ്റ്റോക്കും വിറ്റഴിച്ച് വിപണന സ്ഥാപനങ്ങളെ കരകയറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളിലും ഗോഡൗണുകളിലും മാറ്റുകള്‍ ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നതിനാല്‍ സര്‍ക്കാരില്‍ നിന്നും പണം സമയത്ത് ലഭിക്കുന്നില്ല. ഇതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനും തടസമാകുന്നു.

വരുന്ന സാമ്പത്തിക വര്‍ഷം 260 കോടി രൂപയുടെ വിറ്റുവരവ് നേടാനാണ് കയര്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ പ്രധാനമായും കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്തുനിന്ന്, ഇപ്പോള്‍ പ്രാദേശിക-ആഭ്യന്തര വിപണികളില്‍ വലിയ സാന്നിധ്യമായി മാറാന്‍ കയര്‍ കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെയും ശക്തമായ വിപണന തന്ത്രങ്ങളിലൂടെയും ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുകയും ലക്ഷ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT